നരേന്ദ്രമോദിയുടെ ബിരുദം: മറുപടി നല്‍കാതിരുന്ന ഓഫീസറില്‍നിന്ന് 25,000 രൂപ പിഴ ഈടാക്കും,മോദിയുടെ വാഴ്സിറ്റി രേഖകൾ പരിശോധിക്കാമെന്ന് ഉത്തരവ്

single-img
9 January 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതിരുന്ന ഡല്‍ഹി സര്‍വകലാശാലാ വിവരാവകാശ ഓഫീസറില്‍നിന്ന് 25,000 രൂപ പിഴ ഈടാക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച ചോദ്യത്തിന് മറുപടി നിഷേധിച്ച സര്‍വകലാശാലാ മുഖ്യ വിവരാവകാശ ഓഫീസര്‍ മീനാക്ഷി സഹായിയുടെ നടപടി കാല്‍ക്കാശിനു വിലയില്ലാത്ത പമ്പര വിഡ്ഡിത്തമാണെന്നും വിവരാവകാശ കമ്മീഷണര്‍ എം. ശ്രീധര്‍ ആചാര്യലു കുറ്റപ്പെടുത്തി. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദാണ് പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ആര്‍ടിഐ മുഖേനെ വിവരങ്ങള്‍ തേടിയത്.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ ഫീസായി പോസ്റ്റല്‍ ഓര്‍ഡര്‍ നല്‍കിയത് അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സര്‍വകലാശാല രജിസ്ട്രാര്‍ക്കുവേണ്ടി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായി മറുപടി നിഷേധിക്കുകയായിരുന്നു.രാജ്യത്തു പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേന പതിനായിരക്കണക്കിനു നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ മുഖ്യ വിവരാവകാശ കമ്മീഷന്‍, മറുപടി നിഷേധിക്കാന്‍ പറഞ്ഞ കാരണം കാല്‍ക്കാശിനു വിലയില്ലാത്ത പമ്പര വിഡ്ഡിത്തമാണെന്ന് ഉത്തരവില്‍ കുറ്റപ്പെടുത്തി.

ചോദ്യത്തോടു ചെറിയ ഉത്തരവാദിത്വം പോലുമില്ലാത്ത നടപടിയാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കാട്ടിയത്. ഇക്കാര്യത്തില്‍ വിശദീകരണം തേടി കമ്മീഷന്‍ നിരവധി നോട്ടീസുകള്‍ നല്‍കിയെങ്കിലും മറുപടി സമര്‍പ്പിക്കാന്‍ തയാറായില്ല. വലിയ തുക നല്‍കി പൊതുസേവകരുടെ വിലപിടിച്ച സമയം കളയുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം നരേന്ദ്ര മോദി ബിഎ പരീക്ഷ പാസായ 1978ല്‍ അതേ പരീക്ഷ പാസായ മറ്റു വിദ്യാര്‍ഥികളുടെ പേരും വിശദവിവരങ്ങളും പരിശോധിക്കാന്‍ ഡല്‍ഹി സര്‍വകലാശാല അനുവദിക്കണമെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം.വിദ്യാര്‍ഥികളുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തു വിടുന്നതിനെതിരെ ഡല്‍ഹി സര്‍വകലാശാല നിലപാടെടുത്തതിനെ തുടര്‍ന്നാണ് അപേക്ഷകനായ നീരജ് കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചത്.പ്രധാനമന്ത്രിയുടെ ബിരുദ യോഗ്യത സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയാണു സംശയമുന്നയിച്ചു രംഗത്തിറങ്ങിയത്.മോദി 1978ല്‍ ബിഎ പരീക്ഷ പാസായെന്നും തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തിനു ബിരുദം നല്‍കിയെന്നും കഴിഞ്ഞ വര്‍ഷം സര്‍വകലാശാല മുന്‍പ് വ്യക്തമാക്കിയിരുന്നു.