നോട്ട് നിരോധനം തീരാദുരിതത്തിന്റെ തുടക്കമായിരുന്നു, രാജ്യത്ത് 35 ശതമാനം തൊഴിലുകള്‍ ഇല്ലാതായി,മാര്‍ച്ചാകുമ്പോള്‍ തൊഴില്‍ നഷ്ടം 60 ശതമാനമാകും,ധനവരവ് 55 ശതമാനം കുറയും

single-img
9 January 2017


ദില്ലി :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടു പിന്‍വലിക്കല്‍ നടപ്പാക്കി മുപ്പത്തി നാലു ദിവസം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ കീഴ്‌മേല്‍ മറിയുകയാണ്.കള്ളപ്പണനിയന്ത്രണമായിരുന്നു ഉദ്ദേശമെങ്കിലും രാജ്യം തീരാ ദുരിതത്തിലേക്കാണ് സഞ്ചരിക്കുന്നത്. ചെറുകിട വ്യവസായ മേഖലയിലെ 35% ആളുകളുടെയും തൊഴില്‍ ഇല്ലാതായെന്നും വരുമാനത്തില്‍ അന്‍പതു ശതമാനം കുറവു സംഭവിച്ചുവെന്നും ആള്‍ ഇന്ത്യ മാനുഫാക്ച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തൊഴില്‍ നഷ്ടം മാര്‍ച്ചിനു മുന്‍പു തന്നെ 60 ശതമാനം വരെയാകുമെന്നും ധനവരവില്‍ 55 ശതമാനം കുറവ് സംഭവിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

എകദേശം മൂന്ന് ലക്ഷത്തോളം വരുന്ന ചെറുകിട ഇടത്തരം നിര്‍മ്മാണക്കാരുടെയും കയറ്റിമതിക്കാരുടെയും സംഘടനയാണ് ആള്‍ ഇന്ത്യ മാനുഫാക്ച്ചേഴ്സ് ഓര്‍ഗനൈസേഷന്‍. കള്ളപ്പണത്തിന്റെ പ്രചരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ നടത്തിയ നടപടിയെ തുടര്‍ന്ന് ഇത്രയും ദിവസങ്ങള്‍ പിന്നിടുമ്പോഴും കാര്യമായ ഉണര്‍വ് കാണുവാന്‍ സാധിക്കുന്നില്ല. നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതിനു ശേഷം ഈ സംഘടനയുടെ കീഴില്‍ നടക്കുന്ന മൂന്നാമത്തെ പഠനമാണിത്.
വ്യവസായ മേഖലയില്‍ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച അവസ്ഥയിലാണ്.

വന്‍കിട- ഇടത്തര വ്യവസായ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനരംഗത്ത് 35 ശതമാനം തൊഴിലാഴികളെ അവര്‍ പിരിച്ചുവിടുന്നതിനും ധനവരവില്‍ നാല്‍പ്പത്തിയഞ്ചു ശതമാനം നഷ്ടത്തിനും ഇടയാക്കി. കയറ്റുമതി രംഗത്ത് 30 ശതമാനം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. ധനവരവില്‍ നാല്‍പ്പതു ശതമാനം ഇടിവും ഉണ്ടാക്കി. ഉത്പാദന രംഗത്ത് മുപ്പത്തിനാലു ദിവസത്തിനുള്ളില്‍ തന്നെ 20 ശതമാനം ഇടിവാണുണ്ടായത് എന്നതാണ് പഠനം പറയുന്നത്.

വിപണിയില്‍ പണത്തിന്റെ ലഭ്യത, പണം പിന്‍വലിക്കലില്‍ ബാധകമാക്കിയ നിയമങ്ങള്‍, രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ്, ബാങ്കുകള്‍ പ്രവര്‍ത്തന ക്ഷമത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ , വിദേശികള്‍ക്ക് ബുദ്ധിമുട്ടുകള്‍, ജി എസ് ടി എന്നിവ പഠനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. മികച്ച സമിതിയെ ആണ് ആള്‍ ഇന്ത്യ മാനുഫാക്ച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ പഠനത്തിനായി നിയോഗിച്ചതെന്നും, പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്ര ധന മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റെ് രഘുനാഥന്‍ പറഞ്ഞു. നോട്ടുപിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ നടപടികള്‍ ..
നിര്‍ജീവമായത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കി. മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.