ബിസിസിഐയുടെ സമ്മര്‍ദം മൂലമാണു ധോണി നായക സ്ഥാനം രാജിവച്ചത്;ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി

single-img
9 January 2017

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംങ് ധോണി നായക സ്ഥാനം രാജിവച്ചത് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ധോണി രാജി വെച്ചത് ബിസിസിഐയുടെ സമ്മര്‍ദം കാരണമെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ ശര്‍മ. ധോണി പൊടുന്നനെ എടുത്ത ഒരു തീരുമാനമല്ല ഇത്. മറിച്ച് അതിയായ സമ്മര്‍ദത്തിനടിപ്പെട്ട് എടുത്ത തീരുമാനമാണിത് എന്നും ആദിത്യ ശര്‍മ കൂട്ടിച്ചേര്‍ത്തു.

ജനുവരി നാലിനാണ് ധോണി ഏവരേയും ഞെട്ടിച്ചുകൊണ്ട് നായകസ്ഥാനം ഒഴിയുന്നതായി അറിയിക്കുന്നത്. അതിനു മുമ്പ് ജാര്‍ഖണ്ഡും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനലിന്റെയിടെ ബിസിസിഐ ജോയന്റ് സെക്രട്ടറി അമിതാഭ് ചൗധരി ധോണിയോട് ഭാവി പദ്ധതികള്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. ധോണി മുഖ്യ ഉപദേഷ്ടാവായിട്ടും ജാര്‍ഖണ്ഡ് പരാജയപ്പെട്ടു. അതിനുശേഷം ചൗധരി ബിസിസിഐ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന് ഫോണ്‍ ചെയ്ത് ധോണിയുടെ ഭാവി കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് ആവശ്യമാണെന്ന് ആവശ്യപ്പെട്ടു. ആദിത്യ ശര്‍മയുടെ വെളിപ്പെടുത്തലിനോട് അമിതാഭ് ചൗധരി പ്രതികരിച്ചിട്ടില്ല. ജനുവരി രണ്ട് വരെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു ചൗധരി.

എന്നാല്‍ സ്ഥാനമൊഴിഞ്ഞങ്കിലും ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകത്തൊപ്പി അണിയും. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.സ്.കെ പ്രസാദ് അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ വ്യാഴാഴ്ച്ച മുംബൈയിലെ ബ്രാബോറിന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സന്നാഹ മത്സരം നായകനെന്ന നിലയിലെ ധോണിയുടെ വിടവാങ്ങല്‍ മത്സരമാകും.

പകലും രാത്രിയുമാണ് മത്സരം. രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ ‘എ’ ടീം കളിക്കുക. രണ്ടാം മത്സരത്തില്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക.അതേ സമയം നായകനെന്ന നിലയില്‍ ധോണിയുടെ അവസാന മത്സരം എന്ന പ്രധാന്യം ഈ മത്സരത്തിന് ലഭിച്ചതോടെ കളിയുടെ തത്സമയം സംപ്രേഷണത്തനുളള ഒരുക്കവും ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. ഇതിനായുളള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.