രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 7.1 ശതമാനമായി ഇടിയും;കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുടെ തളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.

single-img
7 January 2017

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതീക്ഷിത മൊത്തം ആഭ്യന്തരവളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറയുമെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. കഴിഞ്ഞ സമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനമായി പ്രവചിച്ചിരുന്ന മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നത്. 2016-17 ല്‍ വളര്‍ച്ച 7.1 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സി.എസ്.ഒ.) ഏറ്റവും പുതിയ അനുമാനം. ഒക്ടോബര്‍ വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് സി.എസ്.ഒ.യുടെ ഈ അനുമാനം.
ഉത്പാദനം, ഖനനം, നിര്‍മ്മാണ മേഖലയില്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് കുറച്ചിരിക്കുന്നത്. അതേസമയം, നോട്ട് നിരോധന നടപടിയുടെ പ്രതിഫലനം എത്രത്തോളമാണ് മൊത്ത ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ ബാധിച്ചിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ നവംബറില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് സമ്പദ്ഘടനയില്‍ മന്ദതയുണ്ടാക്കിയിട്ടുണ്ട്. ആദ്യ പാദത്തില്‍ 7.1 ശതമാനവും രണ്ടാം പാദത്തില്‍ 7.3 ശതമാനവുമായിരുന്നു വളര്‍ച്ച. ഇത് സാധാരണ വര്‍ഷമല്ലെന്നും കണക്കുകള്‍ സൂക്ഷ്മതയോടെ പരിശോധിക്കുകയാണെന്നും സി.എസ്.ഒ.യിലെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ടി.സി.എ. അനന്ത് അറിയിച്ചു.

2016 ല്‍ 190 കോടി ഡോളറിന്റെ അധിക ബാധ്യത നോട്ട് അസാധുവാക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അനുഭവപ്പെടുമെന്ന് സാമ്പത്തിക സ്ഥാപനമായ സിഎംഐഇ പ്രവചിച്ചിട്ടുണ്ട്. നേരത്തെ, സെപ്തംബറില്‍ കാര്‍ഷിക മേഖലയില്‍ മണ്‍സൂണ്‍ മഴയുടെ പശ്ചാത്തലത്തില്‍ മികച്ച വളര്‍ച്ചാ നിരക്കായ 3.3 രേഖപ്പെടുത്തിയിരുന്നു. നേരത്തെ, 10000 കോടി ഡോളറിന്റെ ആഭ്യന്തരനിക്ഷേപം ഓഹരി വിപണിയിലേക്ക് അടുത്ത വര്‍ഷം എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, നോട്ട് അസാധുവാക്കലിന് പിന്നാലെ വിവിധ ബാങ്കുകള്‍ നിക്ഷേപത്തിന്റെ പലിശനിരക്ക് വെട്ടിക്കുറച്ചത് ഓഹരി വിപണിയെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവംബറില്‍ മാത്രം ആഭ്യന്തരനിക്ഷേപകരുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം 12000 കോടി രൂപയാണ്. ഇത് ഈ വര്‍ഷം ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണ്