ആഢംബര വിവാഹം നടത്തുന്നത് സാധാരണക്കാരന്റെ നെഞ്ചില്‍ കനല്‍കോരിയിട്ട് : മോഡിക്കെതിരെയുളള സമരത്തിനിടയില്‍ അടൂര്‍ പ്രകാശിനെ വേദിയിലിരുത്തി വി.ഡി. സതീശന്റെ രൂക്ഷ വിമര്‍ശനം

single-img
7 January 2017


നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ദുരിതത്തിനിടയില്‍ രാജ്യത്തെ ജനങ്ങള്‍ വലയുമ്പോള്‍ മകന്റെ വിവാഹം ആഡംബരപൂര്‍വം നടത്തിയ മുന്‍മന്ത്രി അടൂര്‍പ്രകാശിനെ വേദിയില്‍ ഇരുത്തി വി.ഡി സതീശന്റെ രൂക്ഷ വിമര്‍ശനം. നരേന്ദ്രമോഡിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇന്നലെ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണയിലാണ് സതീശന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

രാജ്യം സാമ്പത്തിക ബുദ്ധിമുട്ടില്‍ ഉഴലുമ്പോള്‍ കോടികള്‍ ചെലവഴിച്ച് മക്കളുടെ ആഢംബര വിവാഹം നടത്തുന്ന ജനാര്‍ദന റെഡ്ഡിമാര്‍ സാധാരണക്കാരന്റെ നെഞ്ചില്‍ കനല്‍ കോരിയിടുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അടൂര്‍ പ്രകാശിന്റെ മണ്ഡലത്തിലുള്ള കൊക്കാത്തോടുകാരന്‍ ഒരു കല്യാണം നടത്തണമെങ്കില്‍ ആദ്യം എ.ഡി.എമ്മിന് അപേക്ഷ നല്‍കണം. എ.ഡി.എം അത് തഹസില്‍ദാര്‍ക്ക് കൈമാറും. അദ്ദേഹം അത് വില്ലേജ് ഓഫീസറെ ഏല്‍പ്പിക്കും. വില്ലേജ് ഓഫീസര്‍ ചന്തയിലും ചായക്കടയിലും വന്ന് ഇതേപ്പറ്റി അന്വേഷിച്ചു തീരുമാനമെടുക്കുമ്പോഴേക്കും പാവപ്പെട്ടവന്റെ വിവാഹത്തിനുള്ള തീയതി കഴിഞ്ഞിരിക്കും. ഇങ്ങനെ ഇന്ത്യയൊട്ടുക്ക് സാധാരണക്കാരന്‍ പണത്തിന് ബുദ്ധിമുട്ടുമ്പോള്‍ ചിലര്‍ കോടികള്‍ ചെലവഴിച്ച് ആഡംബര വിവാഹം നടത്തുന്നത് സാധാരണക്കാരനെ വെല്ലുവിളിക്കുന്നതിനും അപമാനിക്കുന്നതിനും വേണ്ടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയൊട്ടുക്ക് സാധാരണക്കാരന്‍ പണത്തിന് ബുദ്ധിമുട്ടുമ്പോള്‍ ചിലര്‍ കോടികള്‍ ചെലവഴിച്ച് ആഡംബര വിവാഹം നടത്തുന്നത് സാധാരണക്കാരനെ വെല്ലുവിളിക്കുന്നതിനും അപമാനിക്കുന്നതിനും വേണ്ടിയാണ്’. ഇതിനുളള പണം ഇവര്‍ക്ക് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പ്രമുഖ വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും മുന്‍മന്ത്രി അടൂര്‍പ്രകാശിന്റെ മകന്‍ അജയ്‌കൃഷ്‌ണനും തമ്മിലുള്ള വിവാഹം ആഡംബരത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.