സൗമ്യ വധക്കേസ്: സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കി.

single-img
7 January 2017

സൗമ്യവധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കി. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെയാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്.നേരത്തെ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ പുന: പരിശോധന ഹര്‍ജി നവംബര്‍ പതിനൊന്നിന് തള്ളിയിരുന്നു. തുടര്‍ന്നാണ് തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംശയത്തിന്റെ ആനുകൂല്യം കണക്കിലെടുത്തായിരുന്നു ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ സുപ്രീംകോടതി റദ്ദ് ചെയ്തത്.
ഗോവിന്ദച്ചാമിയ്ക്ക് കേരള ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചിരുന്നത്. സുപ്രീംകോടതിയില്‍ ഇയാള്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റീസ് രഞ്ജയ് ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വധശിക്ഷ റദ്ദാക്കുകയായിരുന്നു.

സൗമ്യ ട്രെയിനില്‍ നിന്ന് വീണത് മൂലമുണ്ടായ മുറിവിന്റെ ഉത്തരവാദിത്തം ഗോവിന്ദച്ചാമിയില്‍ ആരോപിക്കാന്‍ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്. എന്നാല്‍ ട്രെയിനില്‍ വച്ചുണ്ടായ പരിക്കിന്റെയും മാനഭംഗത്തിന്റെയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന പ്രോസിക്യൂഷന്‍ വാദവും നിലനില്‍ക്കുമെന്ന് ഹരജിയില്‍ പറയുന്നു.