നാലു ഭാര്യമാരും നാല്‍പ്പത് മക്കളും വേണമെന്ന് പറയുന്ന മുസ്ലീങ്ങളാണ് ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിന് കാരണമെന്ന് സാക്ഷി മഹാരാജ്

single-img
7 January 2017

 


മീററ്റ്: ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്ലീങ്ങളാണെന്ന പരാമര്‍ശവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. നാലു ഭാര്യമാരും നാല്‍പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവര്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യയില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നത്. ഏക സിവില്‍ കോഡ് സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മീററ്റില്‍ പൊതുപരിപാടിക്കിടെയാണ് സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉന്നാവോ എം.പി വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ബി.ജെ.പി എം.പി മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങ് പറഞ്ഞു. നിരന്തരം മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന മഹാരാജിനെ പാര്‍ലമെന്റില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

സാക്ഷി മഹാരാജ് ഇതിനു മുമ്പും മുസ്ലിംകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്ലിം സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാള്‍ ദയനീയമാണെന്ന പരാമര്‍ശവും രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള പരാമര്‍ശങ്ങളും വന്‍വിവാദത്തിലേക്ക് വഴി വെച്ചിന്നു.