പാകിസ്താനില്‍ തടവില്‍ കഴിഞ്ഞിരുന്ന 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി വിട്ടയച്ചു;രണ്ടാഴ്ചയ്ക്കിടെ പാകിസ്താന്‍ വിട്ടയച്ചത് 437 ഇന്ത്യക്കാരെ.

single-img
7 January 2017

വാഗാ: പാകിസ്താന്‍ തടവില്‍ കഴിഞ്ഞിരുന്ന 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി വിട്ടയച്ചു. ഇതോടെ രണ്ടാഴ്ചയ്ക്കിടെ പാകിസ്താന്‍ വിട്ടയക്കുന്ന ഇന്ത്യന്‍ മ
ത്സ്യത്തൊഴിലാളികളുടെ എണ്ണം 437 ആയി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പാക് നടപടി. വിട്ടയച്ച മത്സ്യത്തൊഴിലാളികള്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി.

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയതെന്ന് ഇവര്‍ തടവില്‍ കഴിഞ്ഞിരുന്ന കറാച്ചിയിലെ മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ പറഞ്ഞു. 110 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി ഇവിടെയുണ്ടെന്നും സെഹ്‌തോ വ്യക്തമാക്കി. മാലിര്‍ ജയിലില്‍ കഴിയുന്ന നൂറിലേറെ മത്സ്യത്തൊഴിലാളികളുടെ ഇന്ത്യന്‍ പൗരത്വം ഇന്ത്യന്‍ ഹൈക്കമ്മിഷര്‍ സ്ഥിരീകരിച്ചാല്‍ ഇവരെയും വിട്ടയക്കുമെന്നാണ് വിവരം.

ആകെ 218 മത്സ്യത്തൊഴിലാളികളെയാണ് പാകിസ്താന്‍ വിട്ടയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതില്‍ ഒരാള്‍ തടവില്‍ വെച്ച് തന്നെ മരിച്ചു. ജീവ ഭഗ്‌വാന്‍ (37) എന്നയാളാണ് മരിച്ചത്. ജനുവരി നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്.