സിപിഐഎം കേന്ദ്രക്കമ്മിറ്റി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കം; വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും

single-img
6 January 2017

തിരുവനന്തപുരം : സിപിഐഎമ്മിന്റെ മൂന്നുദിവസത്തെ കേന്ദ്രക്കമ്മിറ്റി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.വി.എസ്. അച്യുതാനന്ദന്റെ അച്ചടക്കലംഘനം അന്വേഷിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. റിപ്പോര്‍ട്ട് മറ്റന്നാള്‍ പരിഗണിക്കും. വിഎസിന് എന്തു ശിക്ഷ നല്‍കണമെന്നത് സംബന്ധിച്ച് മറ്റന്നാള്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമുണ്ടായേക്കും. മുതിര്‍ന്ന നേതാവെന്ന നിലയിലും
പാര്‍ട്ടിക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചും കടുത്ത ശിക്ഷ വേണ്ടെന്ന് അഭിപ്രായമുള്ളതായി റിപ്പോര്‍ട്ടുണ്ട്. വി എസിന്റെ പാര്‍ട്ടി ഘടകം സംബന്ധിച്ചും കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടായേക്കും..

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധിയും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ ക്രമാതീതമായ വില വര്‍ധനയും ഉള്‍പ്പെടെ വിഷയങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും. നോട്ട് പ്രതിസന്ധിയില്‍ തുടര്‍സമരങ്ങള്‍ക്കും യോഗം രൂപം നല്‍കും.കേന്ദ്രകമ്മിറ്റി യോഗത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനം ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.