സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്;തിയറ്റര്‍ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കാനാണ് സര്‍ക്കാർ നീക്കം

single-img
6 January 2017

കൊച്ചി: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. സെസ്, വിനോദ നികുതി എന്നിവ സര്‍ക്കാരിലേക്ക് അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറാണ് സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ റെയ്ഡ് നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയത്. സിനിമാ സമരത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ തിയറ്റര്‍ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് കരുതുന്നു.

തിയറ്റര്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്റര്‍ കോംപ്ലക്‌സില്‍ അടക്കമാണ് റെയ്ഡ് പുരോഗമിക്കുന്നത്.

സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലെക്‌സുകളും എ ക്ലാസ് തിയേറ്ററുകളും ഉള്‍പ്പെടെ എല്ലാ തിയേറ്ററുകളും ഈ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, തിയേറ്റര്‍ ഉടമകള്‍ ഇതില്‍ കൃത്രിമം കാട്ടുകയോ വീഴ്ച വരുത്തുകയും ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.