ജസ്റ്റീസ് കട്ജുവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചു;സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിക്കെതിരേ ആയിരുന്നു കട്ജുവിന്റെ വിമർശനം

single-img
6 January 2017

സൗമ്യവധക്കേസിലെ വിധിയേയും കേസ് പരിഗണിച്ച ജഡ്ജിമാരേയും വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട കോടതീയലക്ഷ്യ കേസില്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. കട്ജുവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചു. ഇതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിച്ചു.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ വിമർശനം ഉന്നയിച്ചതാണ് കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി വരാൻ കാരണമായത്. വിധി ചോദ്യം ചെയ്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത് കോടതി ഹർജിയായി സ്വീകരിച്ച് കട്ജുവിനെ വിളിച്ചുവരുത്തി. കേസ് പരിഗണിച്ച ദിവസം കോടതിയില്‍ ഹാജരായ കട്ജുവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും തമ്മില്‍ നാടകീയ വാഗ്വാദമുണ്ടായി. ‘എന്നെ വിരട്ടാന്‍ നോക്കരുത്, മര്യാദയ്ക്ക് പെരുമാറണമെന്ന്’ വരെ കട്ജു ജഡ്ജിമാര്‍ക്കെതിരെ കോടതിയില്‍ പറഞ്ഞു. കട്ജുവിനെ ആരെങ്കിലും കോടതിയില്‍ നിന്നും ഇറക്കി കൊണ്ടുപോകണമെന്ന് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെടുകയുമുണ്ടായി. തുടർന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ് കോടതിയലക്ഷ്യമാണെന്ന് വിധിച്ച് സുപ്രീം കോടതി കേസെടുത്തത്.