തട്ടേക്കാട്ട് വനത്തില്‍ യുവാവ് മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ല, യുവാവിന് വെടിയേറ്റിരുന്നെന്ന് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;ഒളിവിലുള്ള രണ്ടുപേർക്കായി അന്വേഷണം ഊർജ്ജിതം

single-img
6 January 2017

കോതമംഗലം : തട്ടേക്കാട് വനത്തില്‍ നാലംഗ സംഘത്തില്‍പ്പെട്ട യുവാവ് മരിച്ചതു വെടിയേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നിട്ടാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.നായാട്ടിന് പോയ യുവാക്കളുടെ നേരെകാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യം വാര്‍ത്ത പുറത്തു വന്നത്. അതില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നെന്നും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെ കാണാനില്ലെന്നുമായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട വഴുതനവിളപ്പില്‍ ടോണി മാത്യു (25) ന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോളാണ് വെടിയേറ്റതാണ് മരണകാരണമെന്ന് വെളിപ്പെട്ടത്.

മരിച്ച ടോണിയുടെ ദേഹത്ത് കാട്ടാന ആക്രമിച്ചതിന്റെ യാതൊരു അടയാളങ്ങളില്ലെന്നു വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. നായാട്ടിനുപോയ സംഘം കാട്ടാനയ്ക്കു മുന്നില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി ആനയ്ക്കു നേരെ നിറയൊഴിച്ചതു ലക്ഷ്യംതെറ്റി ടോണിയുടെ കാലില്‍ കൊണ്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സയന്റഫിക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പുകള്‍ക്കു ശേഷം രാത്രി വൈകിയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തികരിച്ചത്. ഇന്നു വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.

തട്ടേക്കാട് വനത്തിനുള്ളില്‍ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ടോണിയും ബേസിലും ഉള്‍പ്പെടുന്ന നാലംഗ സംഘം നായാട്ടിനു ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വനത്തില്‍ പ്രവേശിച്ചതെന്നാണ് വനംവകുപ്പും പോലീസും നല്‍കുന്ന വിവരം. സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന്‍ ബേസില്‍ (32) ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവര്‍ കാട്ടനയുടെ മുന്നില്‍പ്പെട്ടപ്പോള്‍ ഓടി രക്ഷപെട്ടിരുന്നു. സംഭവശേഷം ഇവരെക്കുറിച്ച് വിവരങ്ങളില്ലെന്നു പോലീസ് പറഞ്ഞു.

ഇവരുടെ പക്കല്‍ തോക്കും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് ഏകദേശം ഒരുകിലോമീറ്റര്‍ ഉള്‍വനത്തില്‍ ഞായപ്പിള്ളിമുടിയുടെ സമീപം രണ്ട് മലയിടുക്കുകള്‍ ഉള്ള ഭാഗത്തു വച്ചാണ് സംഭവം നടന്നിരിക്കുന്നത്. നായാട്ടു സംഘം സഞ്ചരിക്കവേ എതിരെ കാട്ടാന വന്നപ്പോള്‍ കുതറി ഓടുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേസില്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. തോക്ക് ടോണിയുടെ പക്കലായിരുന്നുവെന്നും രക്ഷപ്പെട്ടോടുന്നതിനിടെ വെടി ശബ്ദം കേട്ടുവെന്നും ഇയാള്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്.

എത്ര ആനകള്‍ ഉണ്ടായിരുന്നെന്ന കാര്യത്തില്‍ വ്യക്തയില്ല. ടോണിയുടെ ഇടതുതുടയിലാണ് വെടിയേറ്റ മുറിവ്. ശരീരത്തിലെ മറ്റ് മുറിവുകള്‍ രക്ഷപ്പെട്ടോടുന്നതിനിടെ വീണ് സംഭവിച്ചതാകാമെന്നു കരുതുന്നു. രക്ഷപ്പെട്ട ഷൈറ്റ് ആണ് നാട്ടുകാരെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സ് എത്തിച്ച് ടോണിയേയും ബേസിലിനേയും രാത്രി 12.45 ഓടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ടോണി കാട്ടില്‍ വച്ച് തന്നെ മരിച്ചുവെന്നാണ് നിഗമനം. വെടിയേറ്റ ടോണിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുമൂലം രക്തംവാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ തട്ടേക്കാട് വനംവകുപ്പ് അധികൃതരും കുട്ടമ്പുഴ പോലീസും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവ സ്ഥലത്ത് രക്തം തളംകെട്ടികിടന്നിരുന്നു. ഇവിടെ നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. തോക്ക് ആനയുടെ ചവിട്ടേറ്റ് തകര്‍ന്ന നിലയിലായിരുന്നു. കത്തിയും കയറും അടങ്ങിയ ബാഗും പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടമ്പുഴ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ കഴിയുന്ന ബേസിലിന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് ബേസിലിനെയും സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോള്‍ മാത്രമെ കൃത്യമായ വിവരം ലഭിക്കുവെന്നും പോലീസ് പറഞ്ഞു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോന്‍, കുട്ടമ്പുഴ എസ്‌ഐ പി.ജംഷിദ്, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ആര്‍.സുരേഷ്, തട്ടേക്കാട് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.പി.സഞ്ജയന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.കെ.തമ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.