ഞങ്ങള്‍ക്ക് അമ്മയെ മതി ചിന്നമ്മയെ വേണ്ട, ജയലളിതയുടെ ആര്‍.കെ.നഗര്‍ മണ്ഡലത്തില്‍ ശശികല മത്സരിക്കേണ്ടെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍

single-img
6 January 2017


ചെന്നൈ:അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതിനിധീകരിച്ചിരുന്ന ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ ശശികല നടരാജന്‍ മത്സരിക്കെണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ജയലളിതയുടെ മുപ്പതാം ചരമദിനത്തില്‍ അവര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് നടന്ന റാലിയില്‍ പി. വെട്രിവേല്‍ എം.എല്‍.എ ശശികലയ്ക്ക് വേണ്ടി നടത്തിയ അഭ്യര്‍ത്ഥന വന്‍ പ്രതിഷേധത്തിനിടയാക്കി.

സ്ത്രീകളടക്കമുള്ള ജനങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. ‘ഞങ്ങള്‍ അമ്മയ്ക്ക് വേണ്ടിയാണ് വന്നത്. ചിന്നമ്മയോട് പറയുക ഞങ്ങള്‍ അവര്‍ക്ക് വേണ്ടി വോട്ടു ചെയ്യാനല്ല വന്നത്,അമ്മ 77 ദിവസം ആശുപത്രിയിലായിരുന്നു. അവര്‍ ഞങ്ങളെ കാണാന്‍ അനുവദിച്ചോ?’ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ആര്‍.കെ നഗറില്‍ മത്സരിക്കുന്നതാണ് നല്ലത്,ഇങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്കുകള്‍.

പ്രതിഷേധം പ്രതിപക്ഷം കെട്ടിച്ചമച്ചതാണെന്ന് വെട്രിവേല്‍ പറഞ്ഞു. ഡി.എം.കെയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വെട്രിവേലിന്റെ ആരോപണങ്ങള്‍ ഡി.എം.കെ തള്ളിക്കളഞ്ഞു.ഈ സാഹചര്യത്തില്‍ ശശികല മധുരയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിനിടയില്‍ ചെന്നൈ ടി നഗറിലെ വസതിയില്‍ എത്തിയ ദീപ ജയകുമാറിനെ കണ്ട എ.ഡി.എ.എം.കെ. പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ നയിക്കണമെന്ന് അവശ്യപ്പെട്ടിരുന്നു