ക്രിസ്മസ് രാത്രിയിലെ കൊടും ക്രൂരത രാജസ്ഥാനില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബാലാത്സംഗം ചെയ്ത് ദേഹത്ത് ബൈക്ക് കയറ്റിയിറക്കി

single-img
5 January 2017


രാജസ്ഥാന്‍: പതിനഞ്ചു വയസ്സുകാരിയെ രണ്ടുപേര്‍ ബലാത്സംഗം ചെയ്ത് ദേഹത്ത് ബൈക്ക് കയറ്റിയിറക്കി. രാജസ്ഥാനിലെ ചുരുവിലാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി നട്ടെല്ല് തകര്‍ന്ന നിലയില്‍ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അരയ്ക്ക് താഴെ തളര്‍ന്ന നിലയിലാണ്. കട്ടിയുടെ അച്ഛന്റെ പരാതിയില്‍ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ക്രിസ്മസ് തലേന്ന് രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ അവരുടെ വീടിന് അടുത്ത് നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. അവശയായി കിടന്ന പെണ്‍കുട്ടിയുടെ ദേഹത്ത് കൂടെ ബൈക്ക് കയറ്റിയിറക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. രാകേഷ്, നരേഷ് ഭാര്‍ഗവ എന്നിവരാണ് പീഡിപ്പിച്ചതെന്നും ഇവരെ കണ്ടാല്‍ പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

കുട്ടിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മൂത്രസഞ്ചിക്ക് പരിക്കേറ്റതിനാല്‍ മൂത്രം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് രാജസ്ഥാനിലെ എസ്.എം.എസ് ആശുപത്രിയിലെ ഡോക്ടര്‍ മൃണാല്‍ ജോഷി പറഞ്ഞത്.