എംടിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കമാല്‍ സി ചവറ അറസ്റ്റിലായിരുന്നപ്പോള്‍ നിശബ്ദരായിരുന്നു;എംടിക്കുളള പിന്തുണയുടെ പേരില്‍ ഇത്രയും ഒച്ചപ്പാടിന്റെ കാര്യമില്ല:സി.പി.ഐ

single-img
5 January 2017

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എംടി നടത്തിയ പരാമര്‍ശങ്ങളുടെ മേലുണ്ടായ വിമര്‍ശനങ്ങളെ സിപിഐഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ വിമർശിച്ച് സി.പി.ഐ.എം.ടിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കമാല്‍ സി ചവറ അറസ്റ്റിലായിരുന്നപ്പോള്‍ നിശബ്ദരായിരുന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.എം.ടിക്കുളള പിന്തുണയുടെ പേരില്‍ ഇത്രയും ഒച്ചപ്പാടിന്റെ കാര്യമില്ല. എംടിയെ പിന്തുണയ്ക്കാനും വിമര്‍ശിക്കാനുമുളള അവകാശം ഒരുപോലെ സംരക്ഷിക്കപ്പെടണം. പൗരസ്വാതന്ത്ര്യം എന്നത് എല്ലാവരുടെയും അവകാശമാണെന്നും കാനം പറഞ്ഞു.
പൗരസ്വാതന്ത്ര്യത്തിന്റെ മൂല്യം ഉയര്‍ത്താനാണ് സിപിഐ ശ്രദ്ധിക്കുന്നത്. നോട്ട് റദ്ദാക്കിയത് സംബന്ധിച്ച് എംടിയുടെ കാഴ്ചപ്പാടാണ് ശരി.അതുതന്നെയാണ് സിപിഐ അഭിപ്രായവും. എഴുത്തുകാരന്റെ മൗലികാവകാശമെന്ന നിലയ്ക്ക് ഇത്തരം സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം കാനം പറഞ്ഞു.

നോട്ട് പിന്‍വലിക്കലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരിഷ്‌കാരങ്ങളെ അതിരൂക്ഷമായി എംടി നേരത്തെ വിമര്‍ശിച്ചിരുന്നു.തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്.
ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്ന് എംടി ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. നരേന്ദ്രമോദിക്കെതിരെ പറയാന്‍ എംടിക്ക് എന്തവകാശമാണുള്ളതെന്നും രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നുമാണ് എംടിയോട് ബിജെപി ചോദിച്ചത്.