ഫെയ്‌സ് ബുക്ക് മേധാവി സക്കര്‍ബര്‍ഗ് രാഷ്ട്രീയത്തിലേക്ക് : സ്വപ്‌നം അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനം

single-img
5 January 2017

ഒരു വര്‍ഷം 365 മൈല്‍ ഓടുക, വീട്ടിലേക്കൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം, 25 പുസ്തകങ്ങള്‍ വായിക്കല്‍, ചൈനീസ് മാണ്ഡരിന്‍ പഠിക്കുക ഇതൊക്കെയാണ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കഴിഞ്ഞ പുതുവര്‍ഷ പ്രതിജ്ഞകള്‍,ഇതിന് മാറ്റങ്ങളൊന്നുമില്ലാതെ പൂര്‍ത്തീകരിച്ച സക്കര്‍ബര്‍ഗ് തന്റെ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ തീരുമാനങ്ങളില്‍ നിന്നും കിട്ടിയ സൂചനകളാണ് സക്കര്‍ബര്‍ഗ് രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന സൂചന നല്‍കുന്നത്.

ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ സക്കര്‍ബര്‍ഗ് 2017ല്‍ താന്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. അമേരിക്കയിലെ ഓരോ സംസ്ഥാനവും സന്ദര്‍ശിക്കുമെന്നും പരമാവധി ആളുകളുമായി നേരിട്ട് സംവദിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇത് രാഷ്ട്രീയത്തിലേക്കുള്ള സക്കര്‍ബര്‍ഗിന്റെ വരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ്. സക്കര്‍ബര്‍ഗ് സ്വപ്നം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമാണെന്ന് വരെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നു.

അമേരിക്കയുടെ പല ഭാഗങ്ങളിലും ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ തനിക്ക് 2016ല്‍ സാധിച്ചിട്ടുണ്ടെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ വ്യക്തമായ പദ്ധതിയോടെയാണ് എല്ലാ അമേരിക്കന്‍ സംസ്ഥാനങ്ങളിലേയും പരമാവധി ജനങ്ങളെ നേരിട്ട് കാണുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ദൈനംദിന ജീവിതം തൊഴില്‍ സാഹചര്യങ്ങള്‍ ഭാവിയെക്കുറിച്ചുള്ള ചിന്ത എന്നിവയെക്കുറിച്ചായിരിക്കും സക്കര്‍ബര്‍ഗ് ജനങ്ങളോട് സംവദിക്കുക. നമ്മുടെയെല്ലാം ചരിത്രത്തിലെ തന്നെ നിര്‍ണ്ണായകമായ ഒന്നാണ് തന്റെ പുതുവര്‍ഷ പ്രതിജ്ഞയെ ന്നാണ് സക്കര്‍ബര്‍ഗ് വിശേഷിപ്പിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തില്‍ നിയന്ത്രിക്കുന്ന ഒന്നാക്കി തന്റെ വീട് മാറ്റുമെന്നതായിരുന്നു സക്കര്‍ബര്‍ഗിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രതിജ്ഞകളില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പറഞ്ഞിരുന്നു. സക്കര്‍ബര്‍ഗിന്റെ വീട്ടിലെ ലൈറ്റുകളും താപനിലയും വിവിധ ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഫോണും കംപ്യൂട്ടറും ഉപയോഗിച്ച് നിയന്ത്രിക്കുന്ന നിലയിലേക്ക് സക്കര്‍ബര്‍ഗ് മാറ്റിയെടുത്തിരുന്നു. സുപ്രസിദ്ധ ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാന്റെ ശബ്ദത്തിലാണ് സക്കര്‍ബര്‍ഗിന്റെ വീട്ടിലെ എഐ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

തന്റെ ജീവിത പങ്കാളി പ്രിസിലക്കും മകള്‍ മാക്സിനുമൊപ്പമായിരിക്കും അമേരിക്കന്‍ യാത്രകളെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.