സാന്ദ്ര തോമസിന് മര്‍ദ്ധനമേറ്റ സംഭവത്തിൽ ഫ്രൈഡേ ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തു;വിജയ് ബാബു ഇപ്പോഴും ഒളിവിൽ തന്നെ;പ്രശ്‌നം ഒത്തുതീരുകയാണെങ്കിലും കേസുമായി മുന്നോട്ടുപോകാൻ പോലീസിന്റെ തീരുമാനം

single-img
5 January 2017


കൊച്ചി: ഫ്രൈഡേ നിര്‍മ്മാണ കമ്പനിയിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹസ്ഥാപകയും നടിയുമായ സാന്ദ്ര തോമസിന് മര്‍ദ്ധനമേറ്റ കേസില്‍ പോലീസ് ഫ്രൈഡേ ഹൗസിലെ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴിയെടുത്തു. സാന്ദ്രയുടെ ശരീരത്തില്‍ വലിയ പരുക്കുകളില്ലെന്നും പിടിവലി നടന്നതിന്റെ ചെറിയ പരുക്കുകളാണുള്ളതെന്നുമാണു ഡോക്ടറുടെ മൊഴി. സംഭവുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. അതേസമയം വിജയ് ബാബു ഒളിവില്‍ പോയെന്നാണ് സൂചന. വിജയ് ബാബുവിനെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

അതിനിടെ കേസ് ഒത്തുതീർക്കാൻ ഒരുക്കമല്ലെന്നാണു സാന്ദ്ര അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയത്.കലൂര്‍ പൊറ്റക്കുഴിയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ഓഫീസില്‍ വച്ച് വിജയ്ബാബു മര്‍ദിച്ചെന്നാരോപിച്ച് സാന്ദ്രാ തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്നു മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവത്രേ. ബിസിനസ് പങ്കാളിത്തം ഉപേക്ഷിക്കുകയാണെന്നും കമ്പനിയിലെ തന്റെ വിഹിതം ഉടന്‍ നല്‍കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം രൂക്ഷമായതെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സാന്ദ്രയുടെ വിവാഹം. വിവാഹത്തോടനുബന്ധിച്ച് സാന്ദ്ര മാറി നിന്ന കാലയളവില്‍ ഫ്രൈഡേ ഹൗസില്‍ സാമ്പത്തിക തിരിമറി നടന്നതായും നഷ്ടം സംഭവിച്ചുവെന്നുമാണ് സാന്ദ്രയുടെ ആരോപണം. അതേസമയം പ്രശ്‌നം ഒത്തുതീരുകയാണെങ്കിലും ഇല്ലെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.