അറബ് പൗരനെ കൊന്ന ശേഷം രാജ്യ വിട്ടു;പ്രതി പിടിയിലായത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം

single-img
5 January 2017

ദുബായി : കാര്‍ കഴുകിയതിനുള്ള തുക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അറബ് പൗരനെ കഴുത്തറുത്ത് കൊന്നശേഷം രാജ്യം വിട്ട ഏഷ്യക്കാരനെ പത്തു വര്‍ഷത്തിന് ശേഷം ഷാര്‍ജ പൊലീസ് അറസ്റ്റു ചെയ്തു. പുതിയ പാസ്‌പോര്‍ട്ടില്‍ സന്ദര്‍ശക വീസയിലെത്തിയ ഇദ്ദേഹത്തെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. കാര്‍ കഴുകിയതിനുള്ള തുക നല്‍കത്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

കഴുത്തില്‍ 15 തവണ കുത്തി മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം രണ്ടു ദിവസം മുറിയില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് ഓപറേഷന്‍ വിഭാഗം ഡയറക്ടര്‍ റാഷിദ് ബിന്‍ ബയാത് പറഞ്ഞു. കുറ്റക്കാരനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചപ്പോഴേക്കും പ്രതി രാജ്യം വിട്ടിരുന്നു.

പത്തു വര്‍ഷത്തിന് ശേഷം പുതിയ പാസ്‌പോര്‍ട്ടില്‍ രാജ്യത്തെത്തിയ പ്രതി അന്ന് താമസിച്ചിരുന്ന വില്ലയിലെത്തി അറബ് പൗരനെക്കുറിച്ച് പല തവണ അന്വേഷിച്ചിരുന്നു. രാജ്യത്തെത്തിയതു മുതല്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് പൊലീസ് പിടികൂടി. കുറ്റം സമ്മതിച്ച പ്രതിയെ പ്രോസിക്യൂഷന് കൈമാറി. മരിച്ചയാളുടെ ബന്ധുക്കളും പ്രതിയെ തിരിച്ചറിഞ്ഞു.