വൈദ്യുതി ഉല്‍പാദനം പ്രതിസന്ധിയിലേക്ക് ; വേനല്‍ ശക്തി പ്രാപിച്ചതോടെ ഡാമുകളില്‍ 46 ശതമാനം വെള്ളം മാത്രം

single-img
5 January 2017

 

പത്തനംതിട്ട: നാട്ടില്‍ കടുത്ത വരള്‍ച്ച വരുന്നതിന് മുന്നോടിയായി അണക്കെട്ടുകളിലും ജലാശയങ്ങളിലെയെല്ലാം വെള്ളത്തിന്റെ അളവ് കുത്തനെ കുറഞ്ഞു . കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ നിന്നും ഇത്തവണ കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലാണ്. ആകെയുള്ളത് 46 ശതമാനം വെള്ളം മാത്രം. ഇതാണെങ്കില്‍ 1930 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലമേ ഉള്ളൂ എന്നാണു കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്ന വെള്ളം 2741 ദശലക്ഷം യൂണിറ്റിനു തികയുമായിരുന്നു.
തുലാമഴ കൂടുതല്‍ പെയ്തിരുന്നെങ്കില്‍ കാലവര്‍ഷത്തിന്റെ കുറവ് അതില്‍ പരിഹരിക്കുമായിരുന്നു. ഇടുക്കി പദ്ധതിയില്‍ 38 ശതമാനം മാത്രമാണ് ഇപ്പോള്‍ ബാക്കി. ഇതുപയോഗിച്ച് 842 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. ഇടമലയാര്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ പതിനാലു ശതമാനവും കുണ്ടളയില്‍ പന്ത്രണ്ടു ശതമാനവും മാട്ടുപ്പെട്ടിയില്‍ 22 ശതമാനവും വെള്ളമാണു ശേഷിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ സംഭരണികളില്‍ ജലനിരപ്പ് ആശങ്കാജനകമാണ്. നീരൊഴുക്കുകള്‍ നിലച്ചുതുടങ്ങി.

കക്കിആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് 966.74 മീറ്ററാണ്. പമ്പാ അണക്കെട്ടില്‍ 966.75. ശേഷിയുടെ 51 ശതമാനമാണിത്. ഇത് 465 ദശലക്ഷം യൂണിറ്റിനു തികയും. വാര്‍ഷിക അറ്റകുറ്റപ്പണിക്കായി ആറാം നമ്പര്‍ ജനറേറ്റര്‍ നിര്‍ത്തിയതിനാല്‍ മൂഴിയാറിലെ ശബരിഗിരി പവര്‍ഹൗസ് പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. ശബരിഗിരി പദ്ധതിയില്‍ ഉല്‍പാദനം കുറയുന്നത് അവിടെനിന്നു പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കക്കാട് (50 മെഗാവാട്ട്), അള്ളുങ്കല്‍ ഇ.ഡി.സി.എല്‍ (ഏഴ് മെഗാവാട്ട്), കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് (15 മെഗാവാട്ട്), മണിയാര്‍ കാര്‍ബോറാണ്ടം (12 മെഗാവാട്ട്), പെരുനാട് (ആറ് മെഗാവാട്ട്) എന്നീ ജലവൈദ്യുതി നിലയങ്ങളെ ബാധിക്കും.

ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 23 വരെ കേരളത്തില്‍ 62 ശതമാനം മഴയാണു കുറഞ്ഞത്. കിട്ടിയത് 162 മില്ലി മീറ്റര്‍. ശരാശരി 427.9 മി.മീ. ലഭിക്കേണ്ട സ്ഥാനത്താണിത്. 3158 ദശലക്ഷം യുണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഈ വര്‍ഷം അണക്കെട്ടുകളില്‍ ആകെ ഒഴുകിയെത്തിയത്.

ജൂണില്‍ പല ദിവസങ്ങളിലും താഴ്‌വരകളില്‍ കനത്ത മഴ ലഭിച്ചെങ്കിലും പ്രധാന അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ദുര്‍ബലമായിരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ജൂലൈയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 25 അടി കുറവായിരുന്നു. ജൂണില്‍ 62.8 മി.മീറ്റര്‍ മഴ മാത്രമാണ് ഇടുക്കിയുടെ വൃഷ്ടി പ്രദേശത്തു പെയ്തത്. അവിടെ അഞ്ചു മി.മീറ്ററിന് മുകളില്‍ മഴ ലഭിച്ചത് നാലു ദിവസം മാത്രം. 2324.18 അടിയായിരുന്നു ജൂലൈ മൂന്നിന് ഇടുക്കിയിലെ ജലനിരപ്പ്. അത് സംഭരണശേഷിയുടെ 26 ശതമാനമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ജൂലൈയില്‍ ഇടുക്കി അണക്കെട്ട് പകുതി നിറയുമായിരുന്നു.