ചുവന്ന മുണ്ടുടുത്ത് ആര്‍എസ്എസിന്റെ പാര്‍ട്ടിഗ്രാമത്തില്‍ പ്രവേശിച്ചതിന് യുവാവിനെയും സുഹൃത്തുക്കളെയും ആര്‍എസ്എസുകാര്‍ തല്ലിച്ചതച്ചു

single-img
5 January 2017

ചുവന്ന മുണ്ടുടുത്ത് ആര്‍എസ്എസിന്റെ പാര്‍ട്ടിഗ്രാമത്തില്‍ പ്രവേശിച്ചതിന് പെണ്‍കുട്ടികളടക്കമുളള സംഘത്തിന് ക്രൂരമര്‍ദ്ദനം. പയ്യന്നൂരിലെ പെരുങ്കളിയാട്ടം കണ്ടിട്ട് ആ വഴി സുഹൃത്തിന്റെ രോഗിണിയായ അമ്മയെ കാണാനായി കാസര്‍ഗോഡ്, കാഞ്ഞാങ്ങാട് എത്തിയതായിരുന്നു ജെഫ്രിന്‍, ശ്രീലക്ഷ്മി, രാഹുല്‍, നവജിത് എന്നിവരടങ്ങിയ നാലാംഗ സംഘം. അതില്‍ ജെഫ്രിന്‍ ധരിച്ചിരുന്നത് ചുവന്ന മുണ്ടായിരുന്നു. സുഹൃത്തിന്റെ അമ്മ ജോലി ചെയ്യുന്ന വനിതാഹോസ്റ്റലിനു പുറത്ത് നിന്നിരുന്ന സംഘത്തെ തേടിയെത്തിയത് മുപ്പതോളം ആര്‍എസ്എസുകാര്‍.

യാതൊരു പ്രകോപനവുമില്ലാതെ ജെഫ്രിന്റെ അടുത്തെത്തിയ സംഘം ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നു. ജെഫ്രിനെ രക്ഷിക്കുന്നതിനിടെയില്‍ യുവാക്കള്‍ക്കും യുവതിക്കും അമ്മക്കുമടക്കം പരിക്കേറ്റു. പത്തു മിനിറ്റോളം ആക്രമണം നടത്തിയിട്ട് സംഘം മടങ്ങി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെഫ്രിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെഫ്രിനു നെഞ്ചെല്ലിനും കണ്ണിനും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിതികരിച്ചു.

തുടര്‍ന്ന് ജെഫ്രിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ ആര്‍എസ്എസ് ജില്ലാ നേതാവാണെന്നു പറഞ്ഞെത്തിയ ഒരാള്‍ ചുവന്നമുണ്ടു ധരിച്ചിരിക്കുന്നത് കണ്ടിട്ടാണ് ആക്രമിച്ചതെന്നും താങ്കള്‍ കമ്മ്യൂണിസ്റ്റുകാരാണാണെന്നു തെറ്റി ധരിച്ചതാണെന്നും ഈ പ്രദേശങ്ങള്‍ രാഷ്ട്രീയലോല പ്രദേശമാണെന്നും ഇത്തരം സ്ഥലങ്ങളില്‍ ചുവന്ന മുണ്ടു കണ്ടാല്‍ പ്രശ്‌നമാണെന്നും പറഞ്ഞു. മാത്രമല്ല പോലീസിനെ അറിയിച്ചാല്‍ ഹോസ്പിറ്റലിനു പുറത്തു വരില്ലെന്നും സംഘനേതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു.