നിരോധിച്ച നോട്ടുകൾ 97 ശതമാനം തിരിച്ചെത്തി ;അമ്പരന്ന് കേന്ദ്രവും ആർ.ബി.ഐയും

single-img
5 January 2017


നിരോധിച്ച നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തിയതായി കണക്കുകൾ. അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ഡിസംബര്‍ 30 നകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 14.97 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത്‌ 500, 1000 കറൻസികൾ പിൻവലിച്ചതിലൂടെ അഞ്ച്‌ ലക്ഷം കോടിയോളം കള്ളപ്പണം പിടിക്കാൻ കഴിയുമെന്ന്‌ കേന്ദ്ര സർക്കാർ പ്രവചിച്ചിരുന്നു. എന്നാൽ, ഈ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിക്കുന്നതാണ്‌ പുതിയ റിപ്പോർട്ടുകൾ. അസാധുനോട്ടുകളിൽ എത്രത്തോളം തിരിച്ചെത്തി എന്ന ചോദ്യത്തിന്​ പൂർണമായ കണക്കുകൾ ത​െൻറ കൈവശമില്ലെന്ന മറുപടിയാണ്​ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയത്​.

വിദേശ ഇന്ത്യക്കാർക്ക്​ നോട്ടുമാറ്റാൻ സർക്കാർ അധിക സമയം അനുവദിച്ചിട്ടുമുണ്ട്​. ഇൗ നോട്ടുകൾ കൂടി ബാങ്കിലെത്തുന്നതോടെ ഭൂരിപക്ഷം അസാധു നോട്ടുകളും തിരിച്ചെത്തും.തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് റിസര്‍വ് ബാങ്ക് തുടരുകയാണ്‌.

നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത നോട്ട്‌ നിരോധനം മൂലം രണ്ട്‌ ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായതായി സാമ്പത്തിക സൂചികകൾ കഴിഞ്ഞയാഴ്ച റിപ്പോർട്ട്‌ പുറത്തുവിട്ടിരുന്നു. നിക്കേയി ഇന്ത്യ സർവീസ്‌ പർച്ചേസിങ്‌ മാനേജേഴ്സ്‌ ഇൻഡക്സും തുടർച്ചയായ രണ്ടാം മാസവും ഡിസംബറിൽ താഴ്ചയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.
ഓഹരിവിപണിയും നോട്ട്‌ അസാധുവാക്കലിനെത്തുടർന്ന്‌ തുടർച്ചയായി നഷ്ടത്തിലാണ്‌.