പീസ് സ്കൂൾ ഇന്റർനാഷണലിന്റെ കോഴിക്കോട്ടെ ആസ്‌ഥാനത്ത് റെയ്ഡ്;എംഡി എം.എം. അക്ബര്‍ ഖത്തറിലേക്ക് കടന്നെന്ന് പൊലീസ്

single-img
5 January 2017

മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്‌കൂള്‍ എംഡി എം.എം. അക്ബര്‍ വിദേശത്തേക്ക് കടന്നതായി പോലീസ്.അതേസമയം, പീസ് സ്കൂൾ ഇന്റർനാഷണലിന്റെ കോഴിക്കോട്ടെ ആസ്‌ഥാനത്ത് പോലീസ് റെയ്ഡ്. നിരവധി രേഖകൾ പിടിച്ചെടുത്തു.

എംഡിയായ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനാണ് പോലീസ് പീസ് സ്‌കൂള്‍ ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ ഇയാള്‍ വിദേശത്തേക്ക് കടന്നതായി വ്യക്തമാവുകയായിരുന്നു. കേസിലെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ഖത്തറിലാണുള്ളതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. എംഡിയുടെ സെക്രട്ടറി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.കേസുമായി ബന്ധപ്പെട്ട് പുസ്തകത്തിന്റെ പ്രസാദകരായ മൂന്നുപേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഭീകര സംഘടനയായ ഐഎസ് ബന്ധമുള്ള ചിലര്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്. മത തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങള്‍ ചെറിയ ക്ലാസിലെ കുട്ടികളെ പോലും പഠിപ്പിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു.