പത്തൊമ്പതുകാരനെ സ്യൂട്ട് കേസിനുള്ളില്‍ അടച്ച് കടത്താന്‍ ശ്രമിച്ച യുവതി പിടിയിൽ

single-img
5 January 2017

സ്യൂട്ട് കേസിനുള്ളില്‍ അടച്ച് പത്തൊമ്പതകാരനായ കുട്ടിയെ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍.ആഫ്രിക്കന്‍ അഭയാര്‍ത്തിയാണ് ഈ പത്തൊമ്പത്കാരന്‍. നോര്‍ത്ത് ആഫ്രിക്കയിലെ സ്പെയിന്‍ അധീനതയിലുള്ള ഭൂപ്രദേശമായ സ്യൂത്തയുടെ അതിര്‍ത്തിയില്‍ വച്ചാണ് ഇരുപത്തിരണ്ടുകാരി പിടിയിലായത്. ഗാബണ്‍ സ്വദേശിയായ പത്തൊമ്പതുകാരനെ യുവതിയുടെ സ്യൂട്ട് കേസിനുള്ളില്‍ അടച്ചുപൂട്ടിയ നിലയിലാണ് കണ്ടെത്തിയത്.പെട്ടിക്കുള്ളില്‍ ശ്വാസം കിട്ടാത്ത നിലയിലായിരുന്നു അഭയാര്‍ഥി. കണ്ടെത്തിയ ഉടന്‍ തന്നെ കൗമാരക്കാരനു വേണ്ട വൈദ്യസഹായം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.ട്രോളിക്കു മുകളില്‍ വച്ച് സ്യൂട്ട്കേസ് കൊണ്ടുപോകുന്നത് കണ്ടതാണ് അധികൃതരില്‍ സംശയം ജനിപ്പിച്ചത്. കുറ്റത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന തരത്തിലാണ് പിടിയിലായപ്പോള്‍ യുവതി പ്രതികരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്യൂത്ത അതിര്‍ത്തിയില്‍ കഴിഞ്ഞആഴ്ചയിലും കാറിന്റെ ഡാഷ്ബോര്‍ഡിലും പിന്‍സീറ്റിലും ഒളിപ്പിച്ച നിലയില്‍ ഗിനിയയില്‍ നിന്നുള്ള ഒരു യുവതിയെയും യുവാവിനെയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഒരു മൊറോക്കന്‍ സ്വദേശി പിടിയിലായിരുന്നു. 2015ല്‍ബാര്‍സിലോണയില്‍ നിന്നും മോഷ്ടിച്ച കാറിലാണ് ഇയാള്‍ ഇരുവരെയും കടത്താന്‍ ശ്രമിച്ചത്.

പുതുവര്‍ഷ ദിനത്തില്‍ എണ്ണൂറോളം ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മൊറോക്കോയില്‍ നിന്നും സ്യൂത്ത് അതിര്‍ത്തിയിലൂടെ കടക്കാന്‍ ശ്രമിച്ചതായി സ്പെയിനിലെയും മൊറോക്കോയിലേയും സര്‍ക്കാരുകള്‍ വ്യക്തമാക്കി. സംഭവത്തില്‍ നിരവധി മൊറോക്കന്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കും അഞ്ച് സ്പാനിഷ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.