നോട്ട് നിരോധനത്തെ തുടർന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം നീക്കും മുൻപ് ജനത്തിനു വീണ്ടും പ്രഹരം;അഞ്ചുതവണയിൽ കൂടുതലുള്ള എ.ടി.എം ഇടപാടുകൾക്ക് ഫീസ് ഈടാക്കിത്തുടങ്ങി.

single-img
5 January 2017

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടർന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം പൂര്‍ണ്ണമായും നീങ്ങും മുന്‍പേ ഇടപാടുകാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്ന നടപടി ബാങ്കുകള്‍ പുനരാരംഭിച്ചു. സ്വന്തം ബാങ്കിന്റേയോ മറ്റ് ബാങ്കുകളുടേയോ എടിഎം ഉപയോഗിച്ച് അഞ്ചിലേറെ തവണ എടിഎം സേവനം ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകളില്‍ നിന്നുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്. പണം പിന്‍വലിക്കുന്നതിന് 20 മുതല്‍ 25 രൂപവരെയും മറ്റിടപാടുകള്‍ക്ക് ഒമ്പതുരൂപയുമാണ് ഈടാക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ബാങ്കുകളുടെ ഈ നടപടി സാധാരണക്കാരെ കൊള്ളയടിക്കുന്നതാണെന്നാണ് ഇടപാടുകാരുടെ പ്രതികരണം.

ദിവസവും പിന്‍വലിക്കാവുന്ന തുക 4,500 രൂപയാക്കിയിട്ടും ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്നത് 24,000 രൂപ മാത്രമാണ്. നോട്ടുക്ഷാമം പൂര്‍ണമായും പരിഹരിക്കാത്ത സാഹാചര്യത്തില്‍ എ.ടി.എം. കാര്‍ഡ് ഉപയോഗങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് ഫീസ് ഈടാക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. 20 രൂപയോളം എ.ടി.എം. യൂസേജ് ചാര്‍ജും 15 ശതമാനം സേവനനികുതിയുമായാണ് ഫീസ് ഈടക്കുന്നതെന്ന് എസ്.ബി.ഐ. അധികൃതര്‍ പറഞ്ഞു.

പിന്‍വലിക്കുന്ന തുകയുമായി ഇതിന് ബന്ധമില്ല. പണം പിന്‍വലിക്കുന്നതിനു പുറമേ ബാലന്‍സ് പരിശോധനയ്ക്കായി എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചാലും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതും ഫീസ് ഈടാക്കാമെന്നും ബാങ്കധികൃതര്‍ പറഞ്ഞു. ഇതിന് ഒമ്പതുരൂപയാണ്. ബാങ്കുകള്‍ക്കനുസരിച്ച് ഈ നിരക്കില്‍ വ്യത്യാസം വരും. പലബാങ്കുകളും ഫീസ് ഈടാക്കിത്തുടങ്ങിയിട്ടില്ല..