ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന് കേന്ദ്രമന്ത്രി

single-img
4 January 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി രാംദാസ് അഠാവലെ. ദളിത് സംവരണം ഏര്‍പ്പെടുത്തുന്നത് ടീമിന് കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ദളിതര്‍ക്ക് ഒരു ക്വാട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യന്‍ ക്യാപ്റ്റര്‍ വിരാട് കോലിയുടെ പ്രകടനത്തെ നരേന്ദ്ര മോദിയുടെ പ്രകടനവുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വിരാട് കോലിയുടെ ടീം മോദിയുടെ ടീമിനേക്കാള്‍ ഫോമിലാണെന്നും അഠാവലെ കൂട്ടി ചേര്‍ത്തു.

ബി.ജെ.പി. വീണ്ടും നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പന്നലാല്‍ പുനിയ ദളിതര്‍ക്കോ എസ്.സി, എസ്.ടി വിഭാഗത്തിനോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം ഉറപ്പുനല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. അവര്‍ക്ക് പരിശീലനത്തിനുള്ള സൗകര്യം നല്‍കാമെങ്കിലും ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിക്കറ്റില്‍ മാത്രമല്ല എല്ലാ കായിക ഇനങ്ങളിലും എസ്.സി, എസ്.ടി വിഭാഗത്തിനും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെവന്നാല്‍ സംവരണത്തിന്റെ ആവശ്യം ഉദിക്കുന്നില്ലെന്നും അഠാവലയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും പന്നലാല്‍ കൂട്ടിച്ചേർത്തു.