ഇന്ത്യന്‍ ഹാക്കേഴ്സ് പാക് ഹാക്കര്‍മാര്‍ക്ക് പണി കൊടുത്ത് തിരിച്ചടിക്കുന്നു; പാക് സൈറ്റുകളില്‍ മലയാളത്തില്‍ ട്രോള്‍ മഴ

single-img
4 January 2017

 

പാക് ഹാക്കര്‍മാര്‍ക്ക് ശക്തമായ തിരച്ചടിയുമായി മലയാളി ഹാക്കര്‍മാര്‍. ഇന്ത്യന്‍ വെബ്സൈറ്റുകള്‍ പാക്ക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. വിമാനത്താവളങ്ങളുടെ സൈറ്റുകളും, പാക് സര്‍ക്കാരിന്റെ കീഴിലുള്ള പ്രധാനപ്പെട്ട ചില വെബ്‌സൈറ്റുകളും മല്ലു ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. ഇന്ത്യയുടെ എന്‍എസ്ജി വെബ്‌സൈറ്റ് ഹാക്ക് ചെയ്തിനു മറുപടിയായി പാക് സര്‍ക്കാരിന്റെ കീഴിലുള്ള പ്രധാനപ്പെട്ട വെബ്‌സൈറ്റുകളാണ് മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പാക് വിവരാവകാശ കമ്മിഷന്‍ വെബ്‌സൈറ്റ്, പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റ് തുടങ്ങിയ സൈറ്റുകളാണ് പൂട്ടിച്ചത്. അതുമാത്രമല്ല ആക്രമിച്ച ഓരോ വെബ്‌സൈറ്റിന്റെയും യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പാക് വെബ്‌സൈറ്റുകളില്‍ പൊതുജനങ്ങള്‍ മലയാളവും ഇംഗ്ലിഷും ചേര്‍ത്തുള്ള ട്രോളുകള്‍ കൊണ്ടു നിറച്ചു.

കൂടാതെ പാക്കിന്റെ റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ഒഫീഷ്യല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് എന്നിവയും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തു. ‘പാക്കിസ്ഥാനികളെ മലയാളം പഠിപ്പിക്കാന്‍ എല്ലാവരും സഹകരിക്കുക. പിന്നെ പാസ്‌വേഡ് ചേഞ്ച് ചെയ്യരുത്. കയറി പൊളിച്ചോളു”. ”ജയ് ഹിന്ദ്” എന്നതായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഹാക്ക് ചെയ്ത സൈറ്റുകളെല്ലാം ഇപ്പോള്‍ ഡൗണ്‍ ചെയ്തിട്ടുണ്ട്.

പാക് ഹാക്കര്‍മാര്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ സേന (എന്‍എസ്ജി) യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ മോശം പരാമര്‍ശനവും പോസ്റ്റ് ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സംഘം ആളുകളെ മര്‍ദിക്കുന്ന ചിത്രവും ‘കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന തലക്കെട്ടും ഉള്‍പ്പെടുത്തിയും ഒരു പോസ്റ്റ് ഇട്ടിരുന്നു.