സിപിഐ മന്ത്രിമാര്‍ പരാജയമെന്ന് സംസ്ഥാന കൗണ്‍സില്‍; പാര്‍ട്ടി സ്‌നേഹം മുഖ്യമന്ത്രിയെ കണ്ട് പഠിക്കണം

single-img
4 January 2017

 

മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന കൗണ്‍സില്‍. സിപിഐ മന്ത്രിമാര്‍ ഭരണത്തില്‍ തികഞ്ഞ പരാജയമാണെന്നും ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം പ്രകടമല്ലെന്നുമാണ് മുഖ്യമായും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ കാര്യഗൗരവത്തോടെ ഇടപെടാന്‍ പ്രാപ്തി നേടണം. പാര്‍ട്ടി സ്‌നേഹത്തില്‍ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അത്രയും വന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ അടുത്ത് നില്‍ക്കുന്ന പ്രകടനമെങ്കിലും നടത്തണമെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു.

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായത്. സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയമാണ്. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്. സിഎന്‍ ചന്ദ്രനെ കാറും ഓഫീസുമില്ലാത്ത ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചതും വിമര്‍ശനത്തിന് കാരണമായി.

സ്ഥാനം കൊടുത്ത് അവഹേളിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കാതിരിക്കുന്നതായിരുന്നു തുടങ്ങീ ശക്തമായ പരാമര്‍ശങ്ങളാണ് ഉയര്‍ന്നത്. വിപി ഉണ്ണികൃഷ്ണന്‍, ടി വി ബാലന്‍, കെ എസ് അരുണ്‍കുമാര്‍ എന്നിവരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.