അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ്

single-img
4 January 2017

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തിയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗാവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് പ്രഖ്യാപിച്ചത്.

ഇതില്‍ രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന യുപിയിലെ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടക്കും. ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് നാല്, എട്ട് എന്നീ തിയതികളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനാണ് തെരഞ്ഞെടുപ്പ്. ഉത്തരഖണ്ഡില് ഫെബ്രുവരി 15ന് തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ മൂന്നിടത്തും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് അവസാനിക്കും. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ ഫെബ്രുവരി നാല്, എട്ട് എന്നീ തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 11ന് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ അക്കൗണ്ട് വഴി മാത്രം. ഉത്തരഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് 28 ലക്ഷം രൂപ വരെയാണ്. ഗോവയിലും മണിപ്പൂരിലും 20 ലക്ഷവും.

അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലായി ആകെ 16 കോടി വോട്ടര്‍മാരാണ് ഉള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സഇദി പത്രസമ്മേളനത്തില്‍ അറിയിച്ചു. വോട്ടര്‍മാരുടെ പട്ടിക ജനുവരി അഞ്ച് മുതല്‍ 12 വരെയുള്ള തിയതികളില്‍ പുറത്തിറക്കും. 1.85 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.