ഡിഎംകെയുടെ നേതൃനിരയില്‍ തലമുറ മാറ്റം; എം.കെ സ്റ്റാലിന്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ്, രണ്ട് ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കും

single-img
4 January 2017

 

ചെന്നൈ: ഡിഎംകെയുടെ നേതൃനിരയില്‍ തലമുറമാറ്റം. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവില്‍ പാര്‍ട്ടി ട്രഷററാണു സ്റ്റാലിന്‍. രണ്ടു ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.

പുതിയതായി നിയമിക്കുന്ന ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിതയും ഒരു ദലിത് വിഭാഗം പ്രതിനിധിയും ഉണ്ടായിരിക്കുമെന്നും ധാരണയായി. ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെയും ജനറല്‍ സെക്രട്ടറി അന്‍പഴകന്റെയും ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് എം.കെ. സ്റ്റാലിനെ പാര്‍ട്ടിയുടെ പ്രധാന പദവിയിലേക്കു കൊണ്ടുവരുന്നത്. നീക്കത്തെ പാര്‍ട്ടി നേതൃത്വത്തിലുണ്ടായ തലമുറമാറ്റമെന്നാണ് വിശേഷിപ്പിക്കുന്നത്. കരുണാനിധി ജീവിച്ചിരിക്കെ അധ്യക്ഷ സ്ഥാനത്തു മറ്റൊരാള്‍ എത്തുന്നതു വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുമെന്നു തിരിച്ചറിഞ്ഞാണു സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ധാരണയായത്.