സൗജന്യ ഡിജിറ്റല്‍ ഇടപാടെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനവും പൊള്ളത്തരം; ഭീം ആപ്പ് മെസേജിന് ചാര്‍ജ്ജ് ഈടാക്കും

single-img
4 January 2017

 

ഡിജിറ്റല്‍ ഇടപാടുകള്‍ സുഖമമായി നടത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി. ഭീം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ മൊബൈലില്‍ എത്തുന്ന നോട്ടിഫിക്കേഷന്‍ കോഡിന് 1.50 രൂപ മൊബൈല്‍ ബാലന്‍സില്‍ നിന്നും ഈടാക്കുന്നെന്നാണ് പരാതി.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീം ആപ്പ് പുറത്തിറക്കിയത്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ കോഡ് ഉപഭോക്താക്കളുടെ ഫോണില്‍ എത്തുകയും ഇതിന് പണം ഈടാക്കുന്നെന്നുമാണ് പരാതി. ദിവസങ്ങള്‍ക്കുള്ളില്‍ 30 ലക്ഷത്തിലേറെ പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

വിരലടയാളവും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് രണ്ടും ഒരാള്‍ തന്നെയാണെന്ന് ഉറപ്പാക്കും. ആധാര്‍ കാര്‍ഡ് അധിഷ്ഠിതമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ആപ്പിലൂടെ പണമിടപാട് നടത്താന്‍ സാധിക്കും. ഡോ. ബി ആര്‍ അംബേദ്കറിന്റെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്.

ഭീം ആപ്പിലൂടെ ഇന്ത്യ വലിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. ആന്‍ഡ്രോയിഡ് ഫോണ്‍ ഉള്ള ആര്‍ക്കും ഈ ആപ്പ് ഉപയോഗിക്കാമെന്നും ഭാവിയില്‍ തള്ളവിരല്‍ മാത്രം ഉപയോഗിച്ചും ബാങ്ക് ഇടപാടുകള്‍ നടത്താമെന്നുമെല്ലാമാണ് വാഗ്ദാനം ചെയ്തത്.