വീട്ടില്‍ ശൗചാലയമില്ല, മലമൂത്രവിസര്‍ജനം പൊതുസ്ഥലത്ത്; രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

single-img
4 January 2017

 

വീട്ടില്‍ ശൗചാലയമില്ലാതെ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്ന പേരില്‍ രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയില്‍ രണ്ട് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം അവസാനിപ്പിക്കുന്നതിനും വീട്ടില്‍ ശൗചാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്താന്‍ ഉത്തരവാദിത്വപ്പെട്ട രണ്ടു പേരാണ് ഇക്കാരണത്താന്‍ സസ്‌പെന്‍ഷനിലായത്.

കീതിയ പഞ്ചായത്തിലെ ഗ്രാമസേവകന്റെ ചുമതലയുള്ള എല്‍.ഡി. ക്ലാര്‍ക്ക് ഹേംരാജ് സിങ്, ബിഷാനിയ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പ്രേംസിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാജസ്ഥാനില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന ആദ്യ സര്‍ക്കാരുദ്യോഗസ്ഥരാണിവര്‍.

തിങ്കളാഴ്ച രാവിലെ തുറസ്സിലെ വിസര്‍ജനത്തിനെതിരായ ബോധവത്കരണപരിപാടി വിലയിരുത്താനെത്തിയപ്പോഴാണ് ഇവരുടെ വീടുകളില്‍ ശൗചാലയമില്ലെന്ന് വ്യക്തമായതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു. ജില്ലാ കളക്ടറുടെ അനുമതിതേടിയശേഷം ഗ്രാമസേവകിനെ എസ്.ഡി.എമ്മും അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമാണ് സസ്‌പെന്‍ഡ് ചെയ്തത്.