സാന്ദ്രാ തോമസിന്റെ പരാതി അടിസ്ഥാനരഹിതം; തന്റെ ബിസിനസ് പ്രോപര്‍ട്ടി തട്ടിയെടുക്കാനുള്ള നീക്കമാണെന്ന് വിജയ് ബാബു

single-img
4 January 2017

 

കൊച്ചി: നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ താന്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ അത് തെളിയിക്കുമെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിജയ് ബാബു പറയുന്നു.

ഏറ്റവും വിശ്വസ്തയായ ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവും എനിക്കെതിരെ അടിസ്ഥാനരഹിതമായ കേസ് കൊടുത്തിരിക്കുകയാണ്. ഞാന്‍ അവകാശവാദം ഉന്നയിച്ച വസ്തു (ബിസിനസ് പ്രോപര്‍ട്ടി) തട്ടിയെടുക്കുന്നതിന് വേണ്ടിയാണത്. എനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് ഞാന്‍ തെളിയിക്കും എന്നാണ് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

വിജയ് ബാബു തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി സാന്ദ്രാ തോമസ് കേസ് കൊടുത്തിരുന്നു. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മാണ കമ്പനി നടത്തിവരികയായിരുന്നു. പൊറ്റക്കുഴിയിലെ ഓഫീസില്‍ ഭര്‍ത്താവ് വില്‍സണോടൊപ്പം എത്തിയ സാന്ദ്രയെ വാക്കുതര്‍ക്കത്തിനിടെ അടിവയറ്റില്‍ ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും തള്ളിയിടുകയും ചെയ്തതെന്നാണ് സാന്ദ്രയുടെ പരാതി. സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം സിനിമകള്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്