സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; കാലാവധി എട്ട് മാസത്തേക്ക്

single-img
4 January 2017

ദില്ലി: രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രസിഡന്റ് പ്രണബ് മുഖര്‍ജിയാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ പിന്‍ഗാമിയായാണ് കേഹര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് കേഹര്‍. ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ സിഖ് കാരനും ജസ്റ്റിസ് കേഹറാണ്. സുപ്രീംകോടതി ജഡ്ജിമാരില്‍ ഏറ്റവും സീനിയറായ കേഹറിന്റെ നിയമനത്തിന് കേന്ദ്രസര്‍ക്കാറും രാഷ്ട്രപതിയും അംഗീകാരം നല്‍കിയിരുന്നു. ഈ വര്‍ഷം ആഗസ്ത് നാലുവരെ, എട്ടുമാസക്കാലമാണ് കേഹറിന് ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധിയുള്ളത്.

രണ്ടുതവണ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായ കേഹര്‍, ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011 സെപ്തംബര്‍ 13 നാണ് കേഹറിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത്. ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായം സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ അധ്യക്ഷനാണാദ്ദേഹം. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിലെ നബാം തൂക്കി സര്‍ക്കാരിനെ പുനഃസ്ഥാപിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ അധ്യക്ഷനും ജസ്റ്റിസ് കേഹറായിരുന്നു.