ബംഗളൂരുവിന് വീണ്ടും നാണക്കേട്; യുവതിക്ക് നേരെ അതിക്രമം നടത്തുന്നതിന്റെ വീഡിയോ പുറത്ത്; കാഴ്ചക്കാരായി നാട്ടുകാര്‍

single-img
4 January 2017


പുതുവര്‍ഷ ആഘോഷത്തിനിടെ ബംഗളൂരുവില്‍ യുവതിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജനുവരി ഒന്നിന് പുലര്‍ച്ചെ രണ്ട് മണിക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് വരികയായിരുന്ന യുവതിയെ സ്‌കൂട്ടറില്‍ എത്തിയ രണ്ട് പേര്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ദേശീയ മാധ്യമങ്ങളെല്ലാം തന്നെ ഈ വീഡിയോ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇതിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പുലര്‍ച്ചെ 2.40ന് കമ്മനഹള്ളിയിലെ വിജനമായ റോഡിലാണ് സംഭവം. ഓട്ടോയില്‍ വന്നിറങ്ങിയ യുവതിക്ക് പിന്നാലെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. അതേസമയം റോഡിന് കുറച്ച് അപ്പുറത്തു നിന്നും മറ്റുള്ളവര്‍ സംഭവം നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. റോഡിന് അടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചത്.

വീഡിയോയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി ബംഗളൂരു എംജി റോഡില്‍ പോലീസുകാരുടെ സാന്നിധ്യത്തില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയത് ഏറെ വിവാദമായിരുന്നു. നിരവധി സ്ത്രീകളാണ് പുതുവത്സര ആഘോഷത്തിനിടെ അതിക്രമങ്ങള്‍ക്ക് ഇരയായത്.

പാശ്ചാത്യ ശൈലിയില്‍ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുമെന്ന ഇതേക്കുറിച്ചുള്ള കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും വിവാദമായി. ഇതിനിടെയാണ് നഗരത്തില്‍ നടന്ന മറ്റൊരു അതിക്രമത്തിന്റെ കൂടി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.