ഫ്‌ളാറ്റിനകത്ത് കഞ്ചാവ് കൃഷി നടത്തിയ ആള്‍ വില്‍പ്പനക്കിടെ പൊലീസ് പിടിയിലായി

single-img
3 January 2017

ഹൈദരാബാദ്: ഫ്‌ളാറ്റിനകത്ത് കഞ്ചാവ് കൃഷി നടത്തിയ ഹൈദരാബാദ് സ്വദേശി സെയ്ദ് ഷഹെദ് ഹുസൈന്‍(33) പൊലീസ് പിടയിലായി. ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് അറസ്റ്റ്.

ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നത് പഠിച്ചശേഷമാണ് ഇയാള്‍ കഞ്ചാവ് കൃഷി തുടങ്ങിയത്. മൂന്നു മുറികളുള്ള സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ 40 ചെടി ചട്ടികളിലായാണ് കഞ്ചാവ് വളര്‍ത്തിയത്. ഒമ്പത് കിലോ കഞ്ചാവാണ് ഇങ്ങനെ ഇദ്ദേഹത്തിന് ലഭിച്ചത്. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഫ്‌ളാറ്റിനകത്ത് ഇവ വളര്‍ത്തിയെടുത്തത്.

അമേരിക്കയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ ഫ്‌ളാറ്റിനകത്ത് കഞ്ചാവ് വളര്‍ത്തുന്നതെങ്ങനെയെന്ന് വീഡിയോകള്‍ കണ്ട് മനസിലാക്കി പരീക്ഷണാടിസ്ഥാനത്തിലാണ് ഹുസൈന്‍ കൃഷി തുടങ്ങിയത്.

മൂന്നു മാസത്തോളം ഫ്‌ളാറ്റിനുള്ളില്‍ കാഞ്ചാവ് കൃഷി എങ്ങനെ നടത്താമെന്നതിനെ കുറിച്ച് ചിന്തിച്ച ശേഷമാണ് ഇദ്ദേഹം സുഹൃത്തിന്റെ സഹായം തേടിയതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കൃഷിക്കുള്ള എല്ലാ സൗകര്യങ്ങളും ഫ്‌ളാറ്റില്‍ ഹുസൈന്‍ ഒരുക്കിയിരുന്നു.