വിസനിയമത്തിലെ ഇളവുകള്‍ ഗുണം ചെയ്തു; ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

single-img
3 January 2017

 

ദോഹ: ഖത്തറില്‍നിന്ന് സൗദി അറേബ്യയിലേക്കുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. വിസ നിയമം ലഘൂകരിച്ചതാണ് തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി തുടങ്ങിയതും ഉംറയിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണംകൂട്ടി.

2016 ഡിസംബര്‍ ആദ്യവാരമാണ് പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നത്. പുതുക്കിയ നിയമപ്രകാരം ഒരു വര്‍ഷം ഒന്നിലധികം തവണ ഉംറ യാത്ര നടത്തുന്നവര്‍ രണ്ടായിരം റിയാല്‍ ഫീസ് നല്‍കണമെന്നാണ് സൗദി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തേ മൂന്നു വര്‍ഷത്തിനിടെ ഒന്നിലധികം തവണ ഉംറ തീര്‍ഥാടനം നടത്തുന്നവര്‍ രണ്ടായിരം റിയാല്‍ ഫീസ് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.

പുതുക്കിയ നിയമപ്രകാരം ഖത്തറില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ ഈ വര്‍ഷം ആദ്യമായാണ് ഉംറയ്ക്ക് പോകുന്നതെങ്കില്‍ സാധാരണ നിരക്ക് നല്‍കിയാല്‍ മതിയാകും. ഈവര്‍ഷം രണ്ടാംതവണ ഉംറയ്ക്ക് പോകുന്നവരാണ് രണ്ടായിരം റിയാല്‍ അടയ്ക്കേണ്ടി വരുന്നതെന്ന് യാത്രാവൃത്തങ്ങള്‍ വ്യക്തമാക്കി. 2
സാധാരണ വര്‍ഷത്തില്‍ ഒരിക്കല്‍ ഉംറ തീര്‍ഥാടനം നടത്തുന്നതിന് 300 റിയാലാണ് ഫീസ്. വിസ നിയമം ലഘൂകരിച്ചതോടെ വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍.

ആദ്യം പ്രഖ്യാപിച്ച വിസ നിയമം കുടുംബങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നെന്നും എന്നാല്‍, പുതിയ പ്രഖ്യാപനത്തെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെന്നും ദോഹയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ ഒരാള്‍ വ്യക്തമാക്കി.

ആദ്യത്തെ വിസനിയമ പ്രകാരം അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് താമസവും യാത്രാച്ചെലവും കൂടാതെ വിസ ഫീസായി മാത്രം പതിനായിരം റിയാല്‍ നല്‍കേണ്ടി വരും. എന്നാല്‍, വിസ നിയമം ലഘൂകരിച്ചതോടെ ഒരു വര്‍ഷം ആദ്യതവണ ഉംറയ്ക്ക് പോകുന്ന ഒരു വ്യക്തിക്ക് ഏകദേശം 1,200 റിയാല്‍ മാത്രമാണ് ചെലവുവരുന്നത്.