ഓണ്‍ലൈന്‍ ടാക്‌സികളെ അനുകൂലിച്ച് ഹൈക്കോടതി; സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാരും

single-img
3 January 2017

 

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ അനുകൂലിച്ച് ഹൈക്കോടതി വിധി. പ്രധാന നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണം. അതേസമയം കൊച്ചിയില്‍ കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് സുഗമമായി നടത്താന്‍ വഴിയൊരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ടാക്‌സി സര്‍വീസുകള്‍ സുഗമമാക്കണമെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ മാര്‍ച്ച് 16ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ നല്‍കിയ കോടതിയക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഈ ഹര്‍ജിയുടെ ഭാഗമായി ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതേസമയം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുമുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഈ ഘട്ടത്തിലാണ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായവും കോടതി തേടി. സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഡിജിപിയെ കോടതി ഒഴിവാക്കുകയും ചെയ്തു.