നോട്ട് പിന്‍വലിച്ച സാഹചര്യം വിഷയമാകുന്ന ചിത്രം ‘പുത്തന്‍ പണ’ത്തില്‍ അതിഥിതാരമായി പൃഥ്വിരാജ് എത്തില്ല

single-img
3 January 2017


മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് ‘പുത്തന്‍ പണം’. ‘ദി ന്യൂ ഇന്ത്യന്‍ റുപ്പി’ എന്നാണ് ‘പുത്തന്‍ പണ’ത്തിന് ടാഗ്ലൈന്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റുപ്പിയുടെ പ്രമേയത്തുടര്‍ച്ചയാണ് പുത്തന്‍ പണമെന്നാണ് അറിയുന്നത്. കള്ളപ്പണത്തിന്റെ പ്രചാരവഴികളും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവുമൊക്കെയാണ് മമ്മൂട്ടി ചിത്രത്തില്‍ രഞ്ജിത്ത് വിഷയമാക്കുന്നതെന്നാണ് സൂചന.

പ്രമേയപരമായി സാമ്യമുള്ളതിനാലും ‘ഇന്ത്യന്‍ റുപ്പി’യുടെ പേരിന്റെ പരിഷ്‌കരിച്ച രൂപമാണ് ടാഗ് ലൈനായി ഉപയോഗിച്ചിരിക്കുന്നത് എന്നതിനാലും മുന്‍ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് മമ്മൂട്ടി ചിത്രത്തില്‍ അതിഥിതാരമായി എത്തുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നവംബര്‍ അവസാനം കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മറ്റ് പ്രധാന ലൊക്കേഷനുകള്‍ കാസര്‍ഗോഡും ഗോവയുമാണ്. കാശ്മോര, മാരി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഓംപ്രകാശാണ് ക്യാമറ. ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്ജ് എന്നിവര്‍ പുത്തന്‍ പണത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടിയുമൊത്ത് മുന്‍പ് ചെയ്ത പ്രാഞ്ചിയേട്ടന്‍, മാത്തുക്കുട്ടി, പാലേരിമാണിക്യം എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാവും പുത്തന്‍ പണമെന്നാണ് രഞ്ജിത്തിന്റെ വാഗ്ദാനം.