പൂവാലന്മാരെ ബൈക്കില്‍ നിന്നും വലിച്ച് താഴെയിട്ട് ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ; ഉശ്ശിരുള്ള പെമ്പിള്ളേര് ഉണ്ട്‌ട്ടോ..

single-img
3 January 2017

 

ജയ്പൂര്‍: പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്‍മാരെ കൈകാര്യം ചെയ്ത് ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ. രാജസ്ഥാനിലെ ചുരു ജില്ലയില്‍ പുതുവര്‍ഷദിനത്തിലായിരുന്നു സംഭവം.

ബൈക്കിലെത്തിയ മൂന്ന് യുവാക്കളെയാണ് പൂനിയ കൈകാര്യം ചെയ്തത്. ഹരിയാന അതിര്‍ത്തിക്ക് സമീപമുള്ള രാജ്ഗറിലൂടെ കാറില്‍ പോകുന്നതിനിടെയാണ് റെയില്‍വേ ക്രോസിങ്ങിന് സമീപം ഭയന്നിരിക്കുന്ന രണ്ട് പെണ്‍കുട്ടികളെ പൂനിയ കണ്ടത്. ഉടന്‍ തന്നെ പൂനിയ കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടികളോട് കാര്യം തിരക്കി. പൂനിയയെ കണ്ടപ്പോള്‍ തന്നെ യുവാക്കള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബൈക്ക് 50 മീറ്റര്‍ പിന്നിടും മുന്‍പ് തന്നെ യുവാക്കളിലൊരാളെ താരം വലിച്ച് താഴെയിട്ടു.

പിന്നീട് നാട്ടുകാര്‍ യുവാക്കളെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പൂനിയയും സ്റ്റേഷനിലെത്തിയിരുന്നു. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൃഷ്ണ പൂനിയ സ്വര്‍ണം നേടിയിട്ടുണ്ട്. കൂടാതെ ബീജിംഗ് ഒളിമ്പിക്സിലും ലണ്ടന്‍ ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു.