കാസര്‍കോട്ടെ ബിജെപി ഹര്‍ത്താലിനിടെ പരക്കെ അക്രമം; സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസും കടകളും വാഹനങ്ങളും ആക്രമിച്ചു

single-img
3 January 2017

 

കാസര്‍കോട് ജില്ലയില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനോട് അനുബന്ധിച്ച് വ്യാപക അക്രമങ്ങള്‍. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. കലക്ടറേറ്റിലേക്കും എആര്‍ ക്യാമ്പിലേക്കും ജീവനക്കാരെ കൊണ്ടുപോകുകയായിരുന്ന പോലീസ് വാനും തടഞ്ഞ് തിരിച്ചയച്ചു.

രാവിലെ ഏഴ് മണി മുതല്‍ തന്നെ കറന്തക്കാട് കേന്ദ്രീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചു തുടങ്ങിയിരുന്നു. ചൂരി ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഗ്യാസ് ടാങ്കറുകളും നാഷണല്‍ പെര്‍മിറ്റ് ലോറികളും ദേശീയ പാതയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. 10.30ഓടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജീവനക്കാരെ കയറ്റി പോകുകയായിരുന്ന പോലീസ് വാന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. അരമണിക്കൂറോളം പോലീസുമായി വാഗ്വാദത്തിലേര്‍പ്പെട്ട പ്രവര്‍ത്തകര്‍ ഒരു വാഹനത്തെയും കടത്തിവിട്ടില്ല.

സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും തടഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ ഇവരെ നേതാക്കള്‍ എത്തിയാണ് പിന്തിരിപ്പിച്ചത്. പിന്നീട് പ്രകടനായി നീങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ തുറന്നുവച്ച എല്ലാ ബാങ്കുകളും അടപ്പിച്ചു. ഇതിനിടെ എംജി റോഡിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. നഗരത്തില്‍ സ്ഥാപിച്ചിരുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്‌ളക്‌സുകളും ബാനറുകളും നശിപ്പിച്ചു.

പുലിക്കുന്നില്‍ തുറന്നിട്ടിരുന്ന ലാബ് തല്ലിത്തകര്‍ത്തു. പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിന് നേരെ കല്ലേറും നടത്തി. ജീവനക്കാര്‍ ഉടനടി ഷട്ടറുകള്‍ താഴ്ത്തിയതിനാല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. തൊട്ടടുത്തുള്ള ദേശാഭിമാനി ഓഫീസിലേക്കും ഇവര്‍ നീങ്ങാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞതിനാല്‍ പിന്‍വാങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീ ഹൗസും ഇവര്‍ തല്ലിത്തകര്‍ത്തു.

പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതത്വത്തിലുള്ള വന്‍ പോലീസ് സന്നാഹമാണ് ജില്ലയിലുണ്ടായിരുന്നത്.