കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി സ്വകാര്യ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം

single-img
3 January 2017

 

കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി മഹാദേവ് പ്രസാദിനെ ചിക്കമംഗലൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 58 വയസ്സായിരുന്ന മന്ത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

രാവിലെ ഒമ്പത് മണിയോടെ മന്ത്രിയെ വിളിക്കാന്‍ പോയ സഹായികളാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെഡിഎസ് നേതാവായിരുന്ന മഹാദേവ് പ്രസാദ് അടുത്തിടെയാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഗുണ്ടല്‍പ്പേട്ടില്‍ നിന്നും ജയിച്ച് അഞ്ച് തവണയാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പമാണ് ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ എത്തിച്ചേര്‍ന്നത്.

ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കുന്നതിന് കൊപ്പയില്‍ എത്തിയപ്പോഴാണ് മന്ത്രി സ്വകാര്യ റിസോര്‍ട്ടില്‍ തങ്ങിയത്. തന്റെ വിശ്വസ്ഥനായിരുന്ന മഹാദേവ് പ്രസാദിന്റെ മരണം ഞെട്ടിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മരണത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.