കെഎസ്ആര്‍ടിസി പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; സമരം ശബരിമല സര്‍വീസുകളെ ബാധിക്കില്ല

single-img
3 January 2017

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഉറപ്പിനു വിരുദ്ധമായി ക്ഷാമബത്ത കുടിശ്ശിക വിതരണം നിര്‍ത്തിവച്ചതിലും ശമ്പളവും പെന്‍ഷനും വൈകുന്നതിലും പ്രതിഷേധിച്ച് നാലു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത കെഎസ്ആര്‍ടിസി പണിമുടക്ക് ഇന്നു രാത്രി 12ന് ആരംഭിക്കും. സിഐടിയു ഒഴികെയുള്ള സംഘടനകളാണു സമരത്തില്‍. സമരം ശബരിമല സര്‍വീസുകളെ ബാധിക്കില്ലെന്നു സംഘടനകള്‍ അറിയിച്ചു. സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെശശീന്ദ്രന്‍ ഇന്നു രാവിലെ സംഘടനാ പ്രതിനിധികളുടെയും മാനേജ്മെന്റിന്റെയും യോഗം വിളിച്ചു. ശമ്പളമോ ക്ഷാമബത്തയോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുറയ്ക്കില്ലെന്നും ക്ഷാമബത്ത ഉടന്‍ നല്‍കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, എഐടിയുസി നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് യൂണിയനും സമരത്തില്‍ പങ്കെടുക്കും. ഡിഎ കുടിശിക ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഡിഎ കുടിശിക നല്‍കേണ്ടെന്നു കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി മാനേജ്മെന്റ് തീരുമാനിച്ചതാണു തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ക്ഷാമബത്ത മരവിപ്പിക്കാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഇന്നു മുതല്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആര്‍ടിസിക്കു സര്‍വീസ് മുടക്കിയുള്ള സമരം താങ്ങാനാകില്ലെന്നും സംഘടനകള്‍ ഇതു മനസ്സിലാക്കി സമരത്തില്‍നിന്നു പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.