മുസ്ലിം സമുദായത്തിനെതിരെ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ മോഡിയുമെന്ന് പരാമര്‍ശം; തുര്‍ക്കിയ്ക്ക് പിന്നാലെ ഇന്ത്യയിലും ആക്രമണത്തിന് സാധ്യത

single-img
3 January 2017

 

ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) പുറത്തുവിട്ട വീഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പരാമര്‍ശം. മുസ്ലിം വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോകനേതാക്കളെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം മോഡിയുടെ പേരും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.

പുതുവര്‍ഷ രാവില്‍ തുര്‍ക്കിയില്‍ നടന്ന ഭീകരാക്രമണത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോയിലാണ് ഈ പരാമര്‍ശമുള്ളത്. അതിനാല്‍ തന്നെ തുര്‍ക്കിയ്ക്ക് പിന്നാലെ ഇന്ത്യയിലും സമാനമായ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ദ ക്രോസ് ഷീല്‍ഡ് എന്ന വീഡിയോയ്ക്ക് 19 മിനിറ്റാണ് ദൈര്‍ഘ്യം. ടര്‍ക്കിഷ് അറബിക് ഭാഷകള്‍ ഉപയോഗിച്ചിരിക്കുന്ന വീഡിയോയില്‍ തുര്‍ക്കിക്കാരായ രണ്ട് സൈനികരെ സിറിയയില്‍ ജീവനോടെ കത്തിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സിറിയന്‍ യുദ്ധത്തില്‍ എര്‍ദോഗന്റെ പങ്ക് എടുത്തു പറയുന്ന വീഡിയോയില്‍ തുര്‍ക്കിയില്‍ സര്‍വനാശം വിതയ്ക്കുമെന്നും ഭീഷണിയുണ്ട്. അഫ്ഗാനിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയില്‍ മുസ്ലിം വിരുദ്ധരായ ലോകനേതാക്കളെന്ന് ഐഎസ് വിശേഷിപ്പിക്കുന്നവര്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും മറ്റ് നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മോഡിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്‍് ബാറക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, മുന്‍ മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍ സെയിന്‍, ഇസ്രായേല്‍ നേതാക്കള്‍, പുരോഹിതര്‍ തുടങ്ങിയവരും ചിത്രങ്ങളിലുണ്ട്. എല്‍ദോഗറിനൊപ്പം നില്‍ക്കുന്ന മോഡിയുടെ ചിത്രമാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2015ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലെത്തിയപ്പോഴാണ് ഈ ചിത്രം എടുത്തത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ട ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചില ജിഹാദി വെബ്‌സൈറ്റുകളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്.