പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം; വരനെതിരെ നടപടി പാടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

single-img
3 January 2017

 

പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയെ ശരീഅത്ത് നിയമപ്രകാരം വിവാഹം കഴിച്ച യുവാവിനെതിരെ നിയമ നടപടിയെടുക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടരാനും കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

15 വയസ്സ് മാത്രം പ്രായമുള്ള തന്റെ മകളെ ജെയ്ുലബ്ദീന്‍ യൂസുഫ് ഗഞ്ജി (21) എന്ന യുവാവ് തട്ടിക്കൊണ്ട് പോയെന്ന ജാംനഗര്‍ സ്വദേശിയുടെ പരാതിയിലാണ് പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഗഞ്ജി തങ്ങള്‍ ഒളിച്ചോടിയതല്ലെന്നും ശരീഅത്ത് നിയമപ്രകാരം വിവാഹിതരായതാണെന്നുമാണ് വാദിച്ചത്.

ഇതിനായി വിവാഹത്തിന്റെ തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും ഹാജരാക്കി. ഋതുമതിയായ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെങ്കിലും ശരീഅത്ത് നിയമപ്രകാരം വിവാഹം നിയമാനുസൃതമാണെന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോടതി തന്നെ വിധിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുകൂല വിധിയുണ്ടായത്.

നവംബര്‍ 10ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അനുസരിച്ചുള്ള തുടര്‍ നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. ഈ രേഖകളോടൊപ്പം ഹര്‍ജിക്കാരന്‍ ഒരുമിച്ച് താമസിക്കുന്നതിനുള്ള ഉഭയകക്ഷി കരാറും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടാന്‍ അവകാശമില്ലെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് തട്ടിക്കൊണ്ട് പോകല്‍ പരാതിയില്‍ അന്വേഷണം തുടരാന്‍ നിര്‍ദ്ദേശിച്ചത്.