കേരളം കുടിച്ചാഘോഷിച്ച പുതുവർഷം; പുതുവര്‍ഷ ദിനത്തില്‍ വൈറ്റിലയില്‍ മാത്രം വിറ്റത് ഒരു കോടിയുടെ മദ്യം

single-img
2 January 2017

കൊച്ചി; കേരളത്തിലാദ്യമായി പ്രതിദിന മദ്യവില്‍പന ഒരു കോടി കടന്നു. 1,02,88,885 രൂപയുടെ മദ്യം വിറ്റ് കണ്‍സ്യൂമര്‍ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്‌ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്കസംഖ്യയുടെ വില്‍പ്പന തികച്ചത്.ബീവ്‌റിജസ് കോര്‍പറേഷന്റെ ഏറ്റവുമധികം കച്ചവടം നടന്ന ഔട്ട്‌ലറ്റിലെ വില്‍പന ഇതിന്റെ പകുതി പോലും എത്തിയില്ല. ബവ്‌കോയില്‍ ഒന്നാമതെത്തിയ എറണാകുളം ഗാന്ധിനഗറിലെ പ്രീമിയം ഔട്ട്‌ലറ്റില്‍ വിറ്റത് 48.65 ലക്ഷത്തിന്റെ മദ്യം മാത്രം. പുതുവല്‍സരത്തലേന്നു കണ്‍സ്യൂമര്‍ഫെഡിന്റെ മൊത്തം മദ്യം10.72 കോടിയുടേതാണ്. അതേസമയം, കൂടുതല്‍ ഔട്ട്‌ലറ്റുകളുള്ള ബവ്‌കോ 31ന് 59.03 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ പുതുവല്‍സരത്തലേന്ന് ഇത് 54.30 കോടിയായിരുന്നു

പ്രതിമാസ വില്‍പനയില്‍ ആദ്യമായി ആയിരം കോടി കടന്നുകൊണ്ടു ബവ്‌കോയും ഡിസംബര്‍ ആഘോഷമാക്കിയിട്ടുണ്ട്.1038.38 കോടിയുടേതാണു 2016 ഡിസംബറിലെ വില്‍പന. 2015 ഡിസംബറിനെ അപേക്ഷിച്ച് 39.55 കോടി രൂപയുടെ അധിക വില്‍പന. ഓണക്കാലത്തു നടക്കാറുള്ള റെക്കോര്‍ഡ് വില്‍പന പുതുവല്‍സരത്തിനു വഴിമാറുന്ന കാഴ്ചയാണ് ഇക്കുറി കണ്ടത്. 2015ലെ ഉത്രാടത്തലേന്ന് ഒരു ഔട്ട്‌ലറ്റില്‍ 38 ലക്ഷം രൂപയുടെ മദ്യം വിറ്റുകൊണ്ടാണ് ആദ്യമായി കണ്‍സ്യൂമര്‍ഫെഡ് ബവ്‌കോയെ തോല്‍പിച്ചത്. അന്നും വൈറ്റിലയിലെ പ്രീമിയം ഔട്ട്‌ലറ്റ് തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.