മലയാളികള്‍ക്ക് അഭിമാനമായി കിര്‍ഗിസ്ഥാന്റെ മേജര്‍ ജനറലായി കോഴിക്കോടുകാരന്‍

single-img
2 January 2017

റിയാദ്: മലയാളികള്‍ ലോകം മുഴുവനും ചിതറി കിടക്കുന്നവരാണ്. മലയാളികള്‍ക്ക് അഭിമാനിക്കാനായി ഒരു വാര്‍ത്തയുണ്ട്. കിര്‍ഗിസ്ഥാന്റെ മേജര്‍ ജനറലായി കോഴിക്കോടുകാരന്‍. സൗദി വ്യവസായി ഷെയ്ഖ് റഫീഖ് മുഹമ്മദ് ആണ് ഇന്ത്യക്കും മലയാളികള്‍ക്കും അഭിമാനമായി കിര്‍ഗിസ്ഥാനിലെ ഉന്നത പദവിയെത്തിയിരിക്കുന്നത്. സൗദിയില്‍ വ്യവസായിയായ ഷെയ്ഖ് റഫീഖ് മുഹമ്മദ് കിര്‍ഗിസ്ഥാനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ അപൂര്‍വ സൈനിക സ്ഥാനം.

കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക ചടങ്ങില്‍ കിര്‍ഗിസ്ഥാന്‍ പ്രതിരോധ മന്ത്രി അലി മിസ്രയാണ് റഫീഖിനെ രാജ്യത്തിന്റെ മേജര്‍ ജനറല്‍ പദവിയില്‍ നിയമിച്ചത്. കോഴിക്കോടു സ്വദേശിയായ ഷെയ്ഖ് റഫീഖ് മുഹമ്മദ് തന്റെ അഞ്ചാം ക്ലാസ് പഠനം പൂര്‍ത്തിയാകും മുമ്പ് നിന്ന് മുംബൈയ്ക്കു വണ്ടികയറിയതാണ്. അവിടെ നിന്നും ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ച് ഗള്‍ഫിലേക്ക് ചേക്കേറി. യു.എ.ഇയും ഇറാനും സൗദി അറേബ്യയും കിര്‍ഗിസ്ഥാനിലുമായി വ്യവസായങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ കിര്‍ഗിസ്ഥാന് നല്‍കിയ സംഭാവനകള്‍ ഉന്നത പദവിയിലേക്കുള്ള വഴിയായി.

ഇറാനില്‍ സ്റ്റീല്‍ പ്ലാന്റ് വികസിപ്പിച്ചുകൊണ്ടിരിക്കെ കിര്‍ഗിസ്ഥാന്‍ ഗവര്‍ണറായിരുന്ന കുര്‍മാന്‍ബെക് സാലിയേവിച്ച് ബാക്യേവുമായി കണ്ടുമുട്ടിയതാണ് കിര്‍ഗിസ്ഥാന്‍ ബന്ധത്തിനു തുടക്കം. റഫീഖിന്റെ ഇരുപതാം വയസിലാണ് ഈ കൂടിക്കാഴ്ച. ഇറാന്‍ സര്‍ക്കാരിനു പ്രോജക്ട് വിജയകരമായി കൈമാറിക്കഴിഞ്ഞപ്പോള്‍ കുര്‍മാന്‍ ബെകിനെ സന്ദര്‍ശിച്ച് റഫീഖ് സമാന പ്രോജക്ട് അവതരിപ്പിച്ചു. ഇതോടെ കിര്‍ഗിസ്ഥാന്‍ ഭരണകൂടവുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി.
കിര്‍ഗിസ്ഥാന്‍ ഗവര്‍ണറായിരുന്ന കുര്‍മാന്‍ബെക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനു തയാറെടുക്കുകയായിരുന്നു ആ സമയത്ത്. പ്രസിഡന്റായതോടെ അദ്ദേഹം റഫീഖിനു കിര്‍ഗിസ്ഥാന്‍ പൗരത്വം നല്‍കി. പിന്നീട് തന്റെ ഉപദേശകനായി നിയമിച്ചു. റഫീഖും കുടുംബം ദുബൈയില്‍ നിന്ന് കിര്‍ഗിസ്ഥാനിലേക്ക് മാറി. അവിടെ ബിസിനസ് ആരംഭിച്ച റഫീഖ് വിവിധ മേഖലയില്‍ തന്റെ ബിസനസ് വ്യാപിപ്പിച്ചു. കിര്‍ഗിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്ക് റഫീഖിന്റെ പ്രവര്‍ത്തനം വലിയ കരുത്തായി. ഇതോടെ ഉന്നത പദവി നല്‍കി കിര്‍ഗിസ്ഥാന്‍ അദ്ദേഹത്തെ അംഗീകരിച്ചത്.