പണത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറാനാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയത്;വെങ്കയ്യ നായിഡു

single-img
2 January 2017

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കിയത് പണത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറാനാണെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു. സ്വച്ഛ് ഭാരത് പദ്ധതി മോദി നടപ്പാക്കിയതോടെ മാലിന്യം വലിച്ചെറിയാനുള്ളതല്ല എന്ന തോന്നല്‍ ജനങ്ങളിലുണ്ടായെന്ന് വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.മോദി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി.

പാവപ്പെട്ടവര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് വന്നത് ഒരുദാഹരണം. നോട്ട് പിന്‍വലിച്ചതോടെ ജനങ്ങള്‍ക്ക് കൈയിലുള്ള പണം എത്രയാണെന്നും എങ്ങനെ കൈകാര്യംചെയ്യണമെന്നും മനസ്സിലായി. അതുകൊണ്ടാണ് ആളുകള്‍ മണിക്കൂറുകള്‍ വരിനില്‍ക്കാനും ദിവസങ്ങളോളം പ്രയാസം സഹിക്കാനും തയാറായത്. ഇത് പണത്തോടുള്ള മനോഭാവം മാറ്റുന്ന പ്രധാന പദ്ധതിയാണെന്നും നായിഡു വ്യക്തമാക്കി.

മോദിയെ കളിയാക്കുകയും വിമര്‍ശിക്കുയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ജനസമ്മതിയിലുള്ള അസൂയകൊണ്ടാണ്. നോട്ട് പിന്‍വലിക്കല്‍ വിജയിച്ചതിന് തെളിവാണ് നവംബര്‍ എട്ടിനുശേഷം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ മിന്നുന്ന വിജയം. ഇപ്പോള്‍ പലതട്ടിലുള്ള പ്രതിപക്ഷം ഒരുമിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും സര്‍ക്കാറിനെ ഭയപ്പെടുത്താനാകില്‌ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.