വരാപ്പുഴ വാഹനാപകടം: മരണം നാലായി;നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

single-img
2 January 2017

എറണാകുളം: എറണാകുളം വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. വരാപ്പുഴ പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ കുസാറ്റിലെ വിദ്യാര്‍ഥികളാണ്. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നത് കുസാറ്റിലെ വിദ്യാര്‍ഥികളാണ്. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അക്ഷയ്(24), മലപ്പുറം സ്വദേശി ജിജിഷ(24) ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍, കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ എന്നിവരാണ് മരിച്ചത്.

ഹരിശങ്കറും കിരണും ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരാണ്. കാറിലുണ്ടായിരുന്നവര്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥികളാണ്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസ് ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.