മുലായംസിംഗ് വിളിച്ചുചേർത്ത കൺവൻഷൻ ഉപേക്ഷിച്ചു;പാർട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന കാരണം നിരത്തി മുലായവും അഖിലേഷും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും

single-img
2 January 2017

സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ മുലായം സിംഗ് യാദവ് ഈ മാസം അഞ്ചിന് വിളിച്ചുചേർത്തിരുന്ന ദേശീയ കൺവൻഷൻ മാറ്റിവച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിളിച്ചുചേർത്ത കൺവൻഷനു ബദലായായിരുന്നു മുലായം യോഗം വിളിച്ചുചേർത്തത്. എന്നാൽ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാൽ യോഗം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്ഥാനാർഥികളോട് അവരവരുടെ നിയമസഭാ മണ്ഡലങ്ങളിൽ പോയി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ മുലയാം നിർദേശം നൽകി. അഖിലേഷ് യാദവിനൊപ്പമാണു ഭൂരിപക്ഷം ആളുകളുമെന്നാണു നിരീക്ഷണം.

നേരത്തെ, പാർട്ടി ആസ്‌ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടർക്കുമെതിരെ മുലായംസിംഗ് യാദവ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. പാർട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന കാരണം നിരത്തിയാകും മുലായം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. അതേമസയം, അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നു സൂചനയുണ്ട്. മുലായം സിംഗ് യാദവിനു പകരം യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാർട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതോടെയാണ് പ്രതിസന്ധി വീണ്ടും രൂക്ഷമായത്.

അഖിലേഷ് പക്ഷത്തെ പ്രമുഖനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവ് ലക്​നോയില്‍ വിളിച്ചുചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനില്‍ മുലായം സിങ്ങിനെ മാറ്റി മകന്‍ അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു.