പഞ്ചായത്തുകൾ വഴി തയ്യാറാക്കിയ സർവേ റിപ്പോർട്ടിലെ ക്രമക്കേടുകൾ കാരണം പെൻഷനിൽ നിന്നും സംസ്ഥാനസർക്കാർ ഒഴിവാക്കിയത് അഞ്ചര ലക്ഷം പേരെ;രണ്ടും മൂന്നും പെൻഷനു ആർക്കും അർഹതയുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

single-img
31 December 2016

തിരുവനന്തപുരം: പെന്‍ഷനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പഞ്ചായത്തുകള്‍ വഴി തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടുകളില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകളിലെ ഇരട്ടിപ്പ് മനസ്സിലാക്കാനും അനര്‍ഹരെ ഒഴിവാക്കാനും ലക്ഷ്യമിട്ട് നടത്തിയ വിവര ശേഖരണത്തില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയതിനാല്‍ പെൻഷനിൽ നിന്ന് അഞ്ചര ലക്ഷം പേര്‍ പുറത്തായതായിട്ടാണ് റിപ്പോര്‍ട്ട്. 39 ലക്ഷത്തോളം പേർക്കു പെൻഷൻ നൽകേണ്ട സ്ഥാനത്ത് ഇത്തവണ അനുവദിച്ചത് 33.5 ലക്ഷത്തോളം പേർക്കുള്ള തുക മാത്രമാണു സർക്കാർ അനുവദിച്ചത്.വിധവകൾ, കർഷകത്തൊഴിലാളികൾ, വയോജനങ്ങൾ, അവിവാഹിതരായ അമ്മമാർ തു‌ടങ്ങി അർഹരായ ലക്ഷങ്ങൾക്കാണു പെൻഷൻ നിഷേധിച്ചിരിയ്ക്കുന്നത്.

ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പറുകളിലെ പിഴവുകള്‍, ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്, പുനര്‍വിവാഹം തുടങ്ങി ഉള്ളതും ഇല്ലാത്ത അനേകം കാരണങ്ങള്‍ നിരത്തിയാണ് പെന്‍ഷന്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്. കുടംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ കൊണ്ട് നടത്തിയ സര്‍വേ, സത്യവാങ്മൂല ശേഖരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരെ തീരുമാനിച്ചത്. എന്നാല്‍ വിവരങ്ങളില്‍ അനേകം തെറ്റുകള്‍ കടന്നുകൂടിയത് അനേകര്‍ക്കാണ് തിരിച്ചടിയായി മാറിയത്.

അതേസമയം സംസ്‌ഥാനത്ത് അർഹതയുള്ള എല്ലാവർക്കും പെൻഷൻ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം രണ്ട് പെൻഷന് ആർക്കും അർഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും പെൻഷൻ നൽകുന്നത് തീർത്തും അരാജകത്വമാണെന്നു പറഞ്ഞ ഐസക് 4.4 ലക്ഷം പേർ പെൻഷൻ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.